| Tuesday, 29th July 2025, 3:25 pm

ടെസ്റ്റല്ല, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രം തിരുത്താന്‍ രണ്ട് നാളിന്റെ കാത്തിരിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് മത്സരം അരങ്ങേറുന്നത്. ലണ്ടനിലെ ഓവലാണ് വേദി.

പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ഓവലില്‍ സമനില സ്വന്തമാക്കിയാല്‍ പോലും ഇംഗ്ലണ്ടിന് പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി സ്വന്തമാക്കാം. എന്നാല്‍ പരമ്പര സമനിലയിലെങ്കിലുമെത്തിക്കാന്‍ ഓവലില്‍ വിജയമല്ലാതെ മറ്റൊരു വഴിയും ഇന്ത്യയുടെ മുമ്പിലില്ല.

ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടത്തിലേക്കാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ട് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി റൂട്ടിന് വേണ്ടതാകട്ടെ വെറും 54 റണ്‍സും!

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് ലക്ഷ്യമിടുന്നത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനേക്കാള്‍ എത്രയോ കാതങ്ങളകലെയാണ് റൂട്ട് മുന്നേറുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച 68 മത്സരത്തിലെ 124 ഇന്നിങ്‌സില്‍ നിന്നും 52.61 എന്ന മികച്ച ശരാശരിയില്‍ 5,946 റണ്‍സാണ് റൂട്ട് ഇതുവരെ അടിച്ചെടുത്തത്. 20 സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറിയുമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡന്‍ ചൈല്‍ഡിന്റെ സമ്പാദ്യം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 124 – 5,946

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 95 – 4,278

മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – 96 – 4,225

ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 103 – 3,616

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 87 – 3,300

ഈ റെക്കോഡ് പട്ടികയില്‍ 11ാം സ്ഥാനത്താണ് ആദ്യ ഇന്ത്യന്‍ താരം ഇടംപിടിച്ചിരിക്കുന്നത്. സൂപ്പര്‍ താരം റിഷബ് പന്താണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം. 67 ഇന്നിങ്‌സില്‍ നിന്നും 43.34 ശരാശരിയില്‍ 2,731 റണ്‍സാണ് പന്ത് സ്വന്തമാക്കിയത്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം മത്സരത്തില്‍ റൂട്ട് സെഞ്ച്വറി നേടിയിരുന്നു. 248 പന്ത് നേരിട്ട താരം 150 റണ്‍സ് നേടിയാണ് മടങ്ങിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന്റെ 38ാം സെഞ്ച്വറിയാണിത്.

ഈ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്, ജാക് കാല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവരെ ഒന്നിച്ച് മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും റൂട്ടിന് സാധിച്ചിരുന്നു.

നാലാം ടെസ്റ്റിന് മുമ്പ് 156 മത്സരത്തിലെ 285 ഇന്നിങ്‌സില്‍ നിന്നും 13,259 റണ്‍സാണ് റൂട്ടിന്റെ പേരിലുണ്ടായിരുന്നത്. മാഞ്ചസ്റ്ററില്‍ 29 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയും 30 റണ്‍സ് നേടിയാല്‍ ജാക് കാല്ലിസിനെയും മറികടക്കാന്‍ റൂട്ടിന് സാധിക്കുമായിരുന്നു. പോണ്ടിങ്ങിനെ വെട്ടാന്‍ വേണ്ടിയിരുന്നതാകട്ടെ 119 റണ്‍സും. ഇതില്‍ മൂവരെയും താരം മറികടക്കുകയും ചെയ്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 329 – 15,921

ജോ റൂട്ട് – ഇംഗ്ലണ്ട് – 286 – 13,409

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 287 – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക, ഐ.സി.സി – – 280 – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ, ഐ.സി.സി – 286 – 13,288

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 291 – 12,472

മാഞ്ചസ്റ്ററില്‍ ചരിത്രമെഴുതിയ റൂട്ട് ഓവലില്‍ മറ്റൊരു ചരിത്രവും മാറ്റിയെഴുതുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Joe Root need 54 runs to become 1st batter to complete 6,000 runs in WTC

We use cookies to give you the best possible experience. Learn more