| Friday, 5th June 2026, 9:12 pm

സ്വന്തം മണ്ണില്‍ റൂട്ടിന് വീണ്ടും നാണക്കേട്; നാല് വര്‍ഷത്തിനിപ്പുറവും അത് സംഭവിച്ചു!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ത്രീ ലയണ്‍സ് കളിയിലേക്ക് തിരിച്ചുവന്നത്. 113 റണ്‍സിനാണ് ഇംഗ്ലണ്ട് കിവീസിനെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 42 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. ഗസ് ആറ്റ്കിന്‍സണ്‍ ഏഴ് റണ്‍സും ജെയ്മി സ്മിത് 31 റണ്‍സുമായും ക്രീസിലുള്ളത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി നാലാമനായി ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 19 പന്ത് കളിച്ച താരം 8 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ എട്ട് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ജോ റൂട്ട്

സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റിലെ ആദ്യ രണ്ട് ഇന്നിങ്‌സിലും സിംഗിള്‍ ഡിജിറ്റില്‍ പുറത്തായതോടെ കരിയറിലെ ഒരു അനാവശ്യ നേട്ടത്തിലും റൂട്ട് മുന്നോട്ട് നീങ്ങുകയാണ്. ഹോം ടെസ്റ്റിലെ ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ രണ്ട് ഇന്നിങ്‌സിലും റൂട്ട് ഒറ്റയക്കത്തിന് പുറത്താകുന്നത് ഇത് നാലാം തവണയാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൂട്ട് ഹോം ടെസ്റ്റില്‍ ഇത്തരമൊരു അനാവശ്യ റെക്കോഡ് കുറിക്കുന്നത്.

സ്വന്തം നാട്ടില്‍ 2015ല്‍ ന്യൂസിലാന്‍ഡിനോട് ആദ്യ ഇന്നിങ്‌സില്‍ 1, രണ്ടാം ഇന്നിങ്‌സില്‍ 0 എന്ന സ്‌കോറിലാണ് റൂട്ട് ആദ്യമായി ഒറ്റയക്കത്തിന് പുറത്താകുന്നത്. പിന്നീട് 2016ല്‍ ശ്രീലങ്കയോട് 2, 4നും 2022ല്‍ സൗത്ത് ആഫ്രിക്കയോട് 8,6നും ഇപ്പോള്‍ ന്യൂസിലാന്‍ഡിനോട് 1, 8നും പുറത്തായിരിക്കുകയാണ് റൂട്ട്. എല്ലാ മത്സരത്തിലും ലോര്‍ഡ്‌സില്‍ തന്നെയാണ് താരം പുറത്തായത്.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി 95 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ഓപ്പണര്‍ എമിലിയോ ഗേ മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 33 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

നിലവില്‍ കിവീസിന് വേണ്ടി നഥാന്‍ സ്മിത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വില്‍ ഒ റോര്‍ക്ക് രണ്ട് വിക്കറ്റും മാറ്റ് ഹെന്റി ഒരു വിക്കറ്റുമാണ് നേടിയത്.

Content highlight: Joe Root In Unwanted Record In Home Test Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more