ആഷസ് ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആയിരുന്നു. രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ സിഡ്‌നിയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 384 റണ്‍സാണ് നേടാനായത്.
നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടി. 55 പന്തില്‍ നിന്ന് 51 റണ്‍സ് നേടി ട്രാവിസ് ഹെഡ് പുറത്താകാതെ ക്രീസില്‍ തുടരുകയാണ്. 18 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനാണ് ഹെഡ്ഡിനൊപ്പമുള്ളത്. 21 റണ്‍സ് നേടിയ ഓസീസ് ഓപ്പണര്‍ ജെയ്ക്ക് വെതറാള്‍ഡിനെ ബെന്‍ സ്റ്റോക്‌സാണ് പുറത്താക്കിയത്.
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്താനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. പോണ്ടിങ് 168 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ 163 ഇന്നിങ്‌സില്‍ നിന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 200 – 51 സെഞ്ച്വറി – 53.78
ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 166 – 45 സെഞ്ച്വറി – 55.37
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 168 – 41 സെഞ്ച്വറി – 51.85
ജോ റൂട്ട് (ഇംഗ്ലണ്ട്) – 163 – 41 സെഞ്ച്വറി – 51.85
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 134 – 38 സെഞ്ച്വറി – 57.40
സീരീസില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മെല്‍ബണിലും സെഞ്ച്വറി നേടി റൂട്ട് മിന്നും പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ സിഡ്‌നിയിലും സെഞ്ച്വറി നേടിയ റൂട്ട് ഓസീസ് മണ്ണില്‍ തന്റെ രണ്ടാം സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്. മൈക്കല്‍ നെസറിന്റെ പന്താലാണ് റൂട്ട് കൂടാരം കയറിയത്.
റൂട്ടിന് പുറമെ അഞ്ചാമനായി ഇറങ്ങിയ ഹാരി ബ്രൂക്ക് 97 പന്തില്‍ 84 റണ്‍സിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 46 റണ്‍സ് ടീമിന് സംഭാവന ചെയ്താണ് മടങ്ങിയത്.
മൈക്കല്‍ നെസറിന്റെ ബൗളിങ് കരുത്തിലാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്തത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാര്‍നസ് ലബുഷാന്‍ ഒരു വിക്കറ്റും നേടി.
Content Highlight: Joe Root In Great Record Achievement In Test Cricket