| Friday, 17th July 2026, 8:06 am

ഇന്ത്യയെ വീഴ്ത്തിയ 99* ഇനി ചരിത്രം; ഇതിഹാസ നേട്ടത്തില്‍ തിളങ്ങി റൂട്ട്

സുദേവ് എ

ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ജോ റൂട്ടിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. 133 പന്തുകളില്‍ നിന്നും പുറത്താവാതെ 99 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഒമ്പത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഏകദിനത്തില്‍ ചെയ്സിങ്ങില്‍ ഇന്ത്യക്കെതിരെ പുറത്താവാതെ 99 റണ്‍സ് നേടുന്ന ആദ്യ താരമാണ് റൂട്ട്. ഇന്ത്യക്കെതിരെ പുറത്താവാതെ 99 റണ്‍സ് നേടുന്ന നാലാമത്തെ താരവും റൂട്ടാണ്.

ബ്രൂസ് എഡ്ഗര്‍(ന്യൂസിലാന്‍ഡ്), രാംനരേഷ് സര്‍വാന്‍(വെസ്റ്റ് ഇന്‍ഡീസ്), മുഹമ്മദ് യുസഫ്(പാകിസ്ഥാന്‍) എന്നിവരാണ് ഇതിന് മുമ്പായി ഈ നേട്ടം കൈവരിച്ച താരങ്ങള്‍. ഏകദിനത്തില്‍ സെഞ്ച്വറിക്ക് അരികിലെത്തി പുറത്താവാതെ നിന്ന 17ാം
താരവും മൂന്ന് ഫോര്‍മാറ്റുകളിലുമായി പുറത്താവാതെ 99 റണ്‍സ് സ്വന്തമാക്കുന്ന 31ാം
താരവുമാണ് റൂട്ട്.

അതേസമയം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രേയസ് അയ്യരും സൂപ്പര്‍ താരം വിരാട് കോഹ്ലിയുമാണ്. 71 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്. 66 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് വിരാട് തിളങ്ങിയത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സായിരുന്നു നേടിയത്. 27 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒരു റണ്‍സുമായി നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചറും ഗസ് ആറ്റ്കിന്‍സണും മികച്ച പ്രകടനം പുറത്തെടുത്തു. സാഖിബ് മഹ്‌മൂദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഏകദിനം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. ജൂലൈ 19നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ലോര്‍ഡ്സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

Content Highlight: Joe Root create a rare record against India in odi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more