| Sunday, 30th August 2026, 11:24 am

പോണ്ടിങ്ങിന്റെ ലോക റെക്കോഡ് തകര്‍ത്തു; ചരിത്രം സൃഷ്ട്ടിച്ച് റൂട്ട് 

സുദേവ് എ

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്റര്‍നാഷണല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് റൂട്ട് മാറിയത്. പാകിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം.

രണ്ടാം ഇന്നിങ്‌സില്‍ 24 റണ്‍സ് മാത്രമാണ് റൂട്ടിന് നേടാന്‍ സാധിച്ചതെങ്കിലും റൂട്ട് ഈ നേട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. 37 പന്തുകള്‍ നേരിട്ട താരം മൂന്ന് ഫോറുകള്‍ അടക്കമാണ് 24 റണ്‍സ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ 7594 റണ്‍സാണ് റൂട്ട് നേടിയത്.

ഇംഗ്ലണ്ടില്‍ 89 ടെസ്റ്റ് മത്സരങ്ങളില്‍ 156 ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് ഇത്രയധികം റണ്‍സ് നേടിയത്. 24 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമാണ് റൂട്ട് ഇംഗ്ലണ്ടില്‍ സ്വന്തമാക്കിയത്.

ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ടിന്റെ നേട്ടം. ഓസ്ട്രേലിയന്‍ മണ്ണില്‍ 94 മത്സരങ്ങളില്‍ 154 ഇന്നിങ്‌സില്‍ 7578 റണ്‍സാണ് പോണ്ടിങ് നേടിയത്. 23 സെഞ്ച്വറികളും 38 അര്‍ധ സെഞ്ച്വറികളും പോണ്ടിങ് സ്വന്തം മണ്ണില്‍ നേടിയത്.

അതേസമയം മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 290 റണ്‍സിനാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് 61 റണ്‍സും ജോര്‍ദാന്‍ കോക്‌സ് 51 റണ്‍സും നേടി ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഗസ് ആറ്റ്കിന്‍സണ്‍ ഒരു വിക്കറ്റ് കൈപ്പിടിയിലാക്കി.

പാക് ബൗളിങ്ങില്‍ മുഹമ്മദ് അബ്ബാസ് നാല് വിക്കറ്റും മുഹമ്മദ് അലി മൂന്ന് വിക്കറ്റും ഖുറം ഷെഹ്സാദ്, അലി ഉസ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ വെറും 110 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ നാല് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാക് ഇന്നിങ്‌സ് ചെറിയ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. 46 റണ്‍സ് നേടിയ അസാന്‍ അവൈസിനാണ് പൊരുതി നില്‍ക്കാന്‍ സാധിച്ചത്.

മൂന്നാം ദിനം മത്സരം നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് നിരയില്‍ ഡാന്‍ ലോറന്‍സ് അര്‍ധ സെഞ്ച്വറി നേടി ക്രീസില്‍ തുടരുന്നുണ്ട്.
പാക് ബൗളിങ്ങില്‍ മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും മുഹമ്മദ് അലി, ഖുറം ഷെഹ്സാദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: Joe Root break Ricky Ponting record in test cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more