ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇരുടീമിലെയും ബൗളര്‍മാര്‍ അരങ്ങ് വാണ മത്സരത്തില്‍ രണ്ടാം ദിനം തന്നെ സന്ദര്‍ശകര്‍ വിജയം നേടിയെടുക്കുകയായിരുന്നു. മെല്‍ബണിലെ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ബെന്‍ സ്റ്റോക്‌സിന്റെയും സംഘത്തിന്റെയും ജയം.
വിജയത്തോടെ 2011ന് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരിക്കല്‍ പോലും ജയിക്കാന്‍ സാധിച്ചില്ല എന്ന നാണക്കേടിന് അന്ത്യം കുറിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 14 വര്‍ഷം അഥവാ 5468 ദിവസത്തിന് ശേഷമാണ് ഇംഗ്ലണ്ടിന് ഒരു വിജയം രുചിക്കാനായത്. ഇതിനൊപ്പം തന്നെ ഇംഗ്ലണ്ട് നിരയിലെ രണ്ട് പേര്‍ക്കും തങ്ങളുടെ ഒരു മോശം സ്ട്രീക്ക് അവസാനിപ്പിക്കാനായി.
ജോ റൂട്ടും ബെൻ സ്റ്റോക്സും. Photo: Shebas/x.com
അത് മറ്റാരുമല്ല, ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും സൂപ്പര്‍ താരം ജോ റൂട്ടുമാണിത്. ഇരുവര്‍ക്കും ഓസ്ട്രേലിയയില്‍ പത്തിലധികം മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു വിജയം നേടാന്‍ സാധിക്കുന്നത്. റൂട്ട് ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് വിജയം നേടിയത് 18 മത്സരങ്ങള്‍ കളിച്ചാണ്. സ്റ്റോക്‌സിനാവട്ടെ ജയത്തിനായി 13 ടെസ്റ്റുകള്‍ കളിക്കേണ്ടി വന്നു.
അതേസമയം, മത്സരത്തില്‍ ജോഷ് ടങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ വിജയം നേടിയത്. ടങ് ഇരു ഇന്നിങ്സിലുമായി ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒപ്പം ബ്രൈഡന്‍ കാര്‍സ് അഞ്ച് വിക്കറ്റും സ്റ്റോക്‌സ് നാല് വിക്കറ്റും കരസ്ഥമാക്കി.
ജോഷ് ടങ്. Photo: paRaY_YasiR/x.com
ഓസ്ട്രേലിയ്ക്കായി ട്രാവിസ് ഹെഡ് ഇരു ഇന്നിങ്സിലുമായി 58 റണ്‍സ് നേടിയപ്പോള്‍ മൈക്കല്‍ നെസര്‍ 35 റണ്‍സും എടുത്തു. ഇവര്‍ക്ക് ഒപ്പം സ്റ്റീവ് സ്മിത്ത് 33 റണ്‍സ് സംഭാവന ചെയ്തു.
ഇംഗ്ലണ്ട് നിരയില്‍ ബാറ്റിങ്ങില്‍ മികവ് തെളിയിച്ചത് ഹാരി ബ്രൂക്കും ജേക്കബ് ബേഥലുമാണ്. ബ്രൂക്ക് ഒന്നാം ഇന്നിങ്‌സില്‍ 41 റണ്‍സെടുത്തപ്പോള്‍ ബേഥല്‍ രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
Content Highlight: Joe Root and Ben Stokes registered their first test win in Australia after 18 and 13 matches respectively