ആഷസിലെ നാലാം ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇരു ടീമിന്റെയും ബൗളര്‍മാര്‍ കരുത്ത് കാട്ടിയ മത്സരത്തില്‍ വെറും രണ്ട് ദിവസം കൊണ്ടാണ് ത്രീ ലയണ്‍സ് ഒരു പതിറ്റാണ്ടിനിടയിലെ തങ്ങളുടെ ആദ്യ വിജയം രുചിച്ചത്.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ വിജയികളാവുന്നത്. അതിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് 5468 ദിവസങ്ങളാണ് പേസര്‍ ജോഷ് ടങ്ങിന്റെ കരുത്തിലായിരുന്നു ഈ ചരിത്ര വിജയം. വിജയത്തിനൊപ്പം ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട് ഒരു സുവര്‍ണ നേട്ടം തന്റെ പേരില്‍ ചാര്‍ത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് റൂട്ടിന് സാധിച്ചത്. നാലാം മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ താരം 38 പന്തില്‍ 15 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെയാണ് ഇത്രയും റണ്‍സ് മുന്‍ ഇംഗ്ലണ്ട് നായകന്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.
ജോ റൂട്ട്. Photo: Vithushan Ehantharajah/x.com
ഇതിനൊപ്പം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 മാര്‍ക്ക് പിന്നിടുന്ന എട്ടാമത്തെ താരമെന്ന പട്ടവും റൂട്ട് തന്റെ പേരില്‍ ചാര്‍ത്തി. ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കുമാര്‍ സംഗക്കാര, ബ്രയാന്‍ ലാറ, വിരാട് കോഹ്ലി എന്നിവരെല്ലാം നേരത്തെ തന്നെ ഈ നേട്ടത്തില്‍ എത്തിയിട്ടുണ്ട്.
ഇപ്പോള്‍ റൂട്ടും തന്റെ പേര് ഈ എലീറ്റ് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. 501 മത്സരങ്ങളില്‍ കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് താരവും റൂട്ട് തന്നെയാണ്.
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 782 – 34357
കുമാര്‍ സംഗക്കാര – ശ്രീലങ്ക/ഏഷ്യ/ഐ.സി.സി – 666 – 28016
വിരാട് കോഹ്‌ലി – ഇന്ത്യ – 623 – 27975
റിക്കി പോണ്ടിങ്- ഓസ്‌ട്രേലിയ/ ഐ.സി.സി – 668 – 27483
മഹേല ജയവര്‍ധനെ – ശ്രീലങ്ക/ ഏഷ്യ – 725 – 25957
ജാക്ക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ഐ.സി.സി – 617 – 25534
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഏഷ്യ/ഐ.സി.സി – 605 – 24208
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ഐ.സി.സി – 521 – 22358
ജോ റൂട്ട് – ഇംഗ്ലണ്ട് – 501 – 22000
Content Highlight: Joe Root became 8th player to complete 22000 runs in International cricket