| Tuesday, 6th May 2025, 7:15 am

ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞ ജീവിതം എനിക്ക് വേണ്ട: ദളിത് യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: ജാതീയ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ദളിത് നഴ്‌സിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. പൊലീസോ ഭരണകൂടമോ തന്നെ സഹായിച്ചില്ലെന്ന് പറയുന്ന ആത്മഹത്യ കുറിപ്പാണ് പുറത്ത് വന്നത്.

രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ഉയർന്ന ജാതിക്കാരായ അയൽക്കാരുടെ പീഡനത്തിനും ആക്രമണത്തിനും പിന്നാലെ 26 കാരിയായ കവിത ചൗഹാൻ എന്ന ദളിത് നഴ്‌സ് മെയ് രണ്ടിന് ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ  പ്രതിഷേധം ഉയരുന്നുണ്ട്.

തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ജാതിക്കാരുടെ ആക്രമണം ഉണ്ടായപ്പോൾ പരാതിപ്പെടാൻ പോലീസിനെ സമീപിച്ചെന്നും എന്നാൽ നിരാശയായിരുന്നു ഫലം എന്നും കവിതയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഏപ്രിൽ 30 തിനാണ് കവിതക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. ഏപ്രിൽ 30ന് കീർത്തി നഗറിലെ ഹഡ്‌കോ ക്വാർട്ടേഴ്‌സിൽ കവിതയുടെ അമ്മ ബിന്ദു ദേവി ചൗഹാൻ വീടിന്റെ മുറ്റം കഴുകുകയായിരുന്നു. മുറ്റം വൃത്തിയാക്കുന്നതിനിടെ അയൽവാസിയുടെ എസ്‌.യുവിയിലേക്ക് കുറച്ച് വെള്ളം തെറിച്ചു. പിന്നാലെ ശങ്കർ ലാൽ ബിഷ്‌ണോയി, ഭാര്യ, മക്കളായ രാജേന്ദ്ര, വികാസ് എന്നിവർ കവിതയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

ആക്രമികൾ കവിതയുടെ മോശമായി പെരുമാറുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്തു.

പിന്നാലെ പരാതി നൽകാൻ കവിതയും കുടുംബവും മാതാ കാ താൻ പൊലീസ് സ്റ്റേഷനിൽ രാവിലെ 8:30 ന് എത്തി. എന്നാൽ കുടുംബത്തിന് പൊലീസ് സ്റ്റേഷനിൽ ഒമ്പത് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഭൻവർ സിങ് ജഖാദ് സെർവർ അവർക്ക് വേണ്ട സഹായം നൽകിയില്ല. ഒരുപാട് നേരം കത്ത് നിന്നതിന് പിന്നാലെ ചെറിയ കുറ്റം ചുമത്തി പൊലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തു.

പക്ഷെ പ്രതിയെ ഉടൻ തന്നെ വിട്ടയച്ചു. ഇത് കുറ്റവാളികൾക്ക് ധൈര്യം നൽകിയെന്ന് കവിതയുടെ കുടുംബം പറഞ്ഞു. തുടർന്ന് പ്രതികൾ അവരുടെ സ്കോർപിയോ ഇവരുടെ വീടിന് ചുറ്റും ഓടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.

പൊലീസും പ്രാദേശിക കൗൺസിലറുമായ ജാനി ദേവിയും പ്രതികളുമായി ഒത്തുകളിച്ചുവെന്ന് കവിത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

മെയ് രണ്ടിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ന് കവിത ആത്മഹത്യ ചെയ്യുകയായിരുന്നു. ‘100 ദിവസം ഭയന്ന് ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം സിംഹത്തെപ്പോലെ ജീവിക്കുന്നതാണ്. എന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി ഞാൻ പോരാടി, പക്ഷേ ആരും എന്നെ പിന്തുണയ്ക്കുന്നില്ല. ജാതിവ്യവസ്ഥ, കോടതി കേസുകൾ, ജോലി സാധ്യതകളുടെ കുറവ് ഇവയൊന്നും എനിക്ക് ഇനി സഹിക്കാൻ കഴിയില്ല. ഈ ആളുകൾ എന്റെ ശരീരത്തിൽ സ്പർശിച്ചു. അവർ എന്റെ അന്തസിനെ അപമാനിച്ചു. ജാതീയതയും തൊട്ടുകൂടായ്മയും ആളുകളുടെ വൃത്തികെട്ട നോട്ടങ്ങളും നിറഞ്ഞ ഒരു ജീവിതം എനിക്ക് വേണ്ട,’ കവിതയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

തുടർന്ന് ദളിത് നേതാക്കളും കവിതയുടെ കുടുംബവും മാതാ കാ താൻ പൊലീസ് സ്റ്റേഷൻ വളയുകയും ഭദ്വാസിയ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും എസ്.എച്ച്.ഓ ജഖാദിനെ സസ്പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ കവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റാൻ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.

പിന്നാലെ ആത്മഹത്യാ പ്രേരണയ്ക്ക് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ  നാഗേന്ദ്ര കുമാർ ഉറപ്പുനൽകുകയും ചെയ്തു.

Content Highlight: Jodhpur Dalit nurse dies  after assault, police inaction

We use cookies to give you the best possible experience. Learn more