| Wednesday, 4th November 2026, 6:50 pm

എന്റെ പാട്ടുകൾക്കെല്ലാം പിന്നിലൊരു കഥയുണ്ടാകും; അദ്ദേഹം പോയിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്: ജോബ് കുര്യൻ

അനുപമ കെ. സീത

മലയാള സിനിമ ലോകത്തെ ശ്രദ്ധേയനായ ഗായകനും സംഗീതസംവിധായകനുമാണ് ജോബ് കുര്യൻ. തന്റേതായ ശൈലിയിലൂടെ വേറിട്ടതും വ്യസ്തമായിട്ടുള്ളതുമായ പാട്ടുകളാണ് അദ്ദേഹം സൃഷ്ടിക്കുന്നവയിലേറെയും. 2006 ൽ അമൃത ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജോബ് സിനിമാ രംഗത്തേക്ക് വരുന്നത്. ബ്ലാക്ക് ക്യാറ്റ് എന്ന സിനിമയിലാണ് ആദ്യമായ് പാടുന്നത്. പിന്നീട് ഉറുമി, ഇടുക്കി ഗോൾഡ്, കലി, ഓം ശാന്തി ഓശാന, എംപുരാൻ തുടങ്ങിയ സിനിമകളിലൂടെ സജീവമാകുകയായിരുന്നു.

കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെയും സ്വന്തം മ്യൂസിക് ബാൻഡായ ജോബ് കുര്യൻ ലൈവിലൂടെയും പുറത്തിറങ്ങിയ പാട്ടുകൾ ശ്രദ്ധിക്കപ്പെടുകയും തരംഗമാവുകയും ചെയ്തിരുന്നു. അതിലൊന്നാണ് ഗായിക മൃദുല വാര്യറിനൊപ്പം പാടിയ ‘കണ്ണോട്’എന്ന ഗാനം.

മലയാളത്തിൽ ഇൻഡിപെൻഡന്റ് സംഗീത ബ്രാൻഡും അങ്ങനെയൊരു സംസ്ക്കാരവും വളർത്തുന്നതിൽ ജോബ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ നിരവധി ഹിറ്റുകളാണ് മലയാള സിനിമക്ക് ജോബ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പാട്ടുകളിൽ മിക്കപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടെ കലരാറുണ്ട്. മലയാള സിനിമയിൽ ഇത്രയും ശക്തമായി സംഗീതത്തിലൂടെ രാഷ്ട്രീയം പറയുന്ന ആളുകളിൽ ഒരാൾ ജോബാണ്.

ജോബ് കുര്യൻ.Photo.Screen Grab/Youtube.com

തന്റെ പാട്ടിലൂടെ തന്റെ ജീവിതാനുഭവങ്ങളും കഥകളും പറയുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും തന്റെ ജീവിതത്തിൽ തന്നെയേറെ സ്വാധീനച്ചവരിൽ ഒരാൾ നടൻ നെടുമുടി വേണുവാണെന്നും അദ്ദേഹത്തിന്റെ വിയോഗം തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ജോബ് പറയുന്നത്. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജോബ് ഇക്കാര്യങ്ങൾ പങ്കു വെച്ചത്.

‘എന്റെ എല്ലാ പാട്ടിനും ഒരു കഥയുണ്ടാകും. അതിന്റെ പുറകിൽ ജീവിതാനുഭവങ്ങൾ ഉണ്ടാകും. അതൊക്കെ പാട്ടാക്കി മാറ്റുക എന്നുള്ളതാണ് എന്റെ എപ്പോഴുമുള്ള കാഴ്ചപ്പാട്. നമ്മളുടെ ലൈഫ് അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതമായിരിക്കാം. അതൊരു പാട്ടിന്റെ രൂപത്തിൽ പ്രേക്ഷകർക്ക് ഷെയർ ചെയ്യാം എന്നുള്ളതാണ് എപ്പോഴും എന്റെ ആശയം.

എന്റെ ജീവിതത്തിൽ നെടുമുടിയങ്കിളിന് വലിയൊരു സ്വാധീനമുണ്ട്. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം ഇപ്പോഴും പോയിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ഞാനും അത്രക്കും ഇന്റിമേറ്റ് ആയിട്ടുള്ള സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടുപേരും പറയും പുള്ളി ഉണ്ടെടാ എന്നൊക്കെ. അത്രയും കണക്ഷനായിരുന്നു. എന്റെ സെക്കൻഡ് ഹോമാണ് അവരുടെ വീട്. കൊച്ചിലെ മുതൽ കാണുന്നതാണല്ലോ.

നെടുമുടി വേണു.Photo.Screen Grab/Facebook.com

ഒരു ആർട്ടിസ്റ്റ് എങ്ങനെ നോർമൽ ആയിരിക്കാം വീട്ടിൽ എത്രത്തോളം ഹമ്പിൾ ആയിരിക്കാം അതൊക്കെ ഞാൻ അങ്കിളിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. നമ്മൾ വീട്ടിൽ കേറി ചെല്ലുമ്പോൾ പുള്ളി ഇങ്ങനെ അവിടെ കിടക്കുന്നുണ്ടാവും, ‘ആ കേറി വാടാ’ എന്നായിരിക്കും പറയുക. സെലിബ്രിറ്റിയുടെ വീടാണെന്ന് നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റത്തില്ല,’ ജോബ് പറഞ്ഞു.

Content Highlight: Job Kurian stated that there is a story behind all his songs and he believes that he has not gone.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more