| Sunday, 27th July 2025, 12:35 pm

സംഗീതത്തിന് ആസ്വാദകരേ ഉള്ളൂ, പണം മുടക്കാന്‍ ആളില്ല: ജോബ് കുര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. ഇടുക്കി ഗോള്‍ഡിലെ ‘മാണിക്യ ചിറകുള്ള’ എന്ന് തുടങ്ങുന്ന ഗാനവും ഉറുമിയിലെ ‘ആരാന്നെ’ എന്നീ ഗാനവും മലയാളികള്‍ക്ക് മറക്കാനാകാത്ത പാട്ടുകളാണ്.

സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രവുമായുള്ള അഭിമുഖത്തില്‍ സിനിമ പലരുടെയും കൂടിച്ചേര്‍ന്നൊരു സ്വപ്‌നമാണെന്ന് ജോബ് കുര്യന്‍ പറയുന്നു.

‘സിനിമ സംവിധായകനും എഴുത്തുകാരുമൊക്കെ ചേര്‍ന്നു കാണുന്നൊരു സ്വപ്‌നമാണ്. അതിലേക്ക് സംഗീത സംവിധായകനായെത്തുമ്പോള്‍ അവരുടെ സങ്കല്‍പത്തിനൊത്ത് ഉയരേണ്ട വലിയ ബാധ്യത കൂടിയുണ്ട്. പരസ്പര ചര്‍ച്ചകളിലൂടെ പലപ്പോഴും ഈ കെമിസ്ട്രി നന്നായി വരാറുമുണ്ട്. ആ കെമിസ്ട്രി ഇല്ലെങ്കില്‍ മറ്റൊരാളുടെ സ്വപ്നത്തിന്റെ ഫ്രെയിമിലേക്കു എന്റെ സ്വപ്നം ചേര്‍ത്തുവയ്ക്കുന്ന പോലെ യാന്ത്രികമായിത്തീരും,’ അദ്ദേഹം പറഞ്ഞു.

പുതിയകാലത്തെ സംവിധായകര്‍ സംഗീതസംവിധായകനു വേണ്ടത്ര സ്വാതന്ത്യം നല്‍കാറുണ്ടെന്നും തനിക്കു പൂര്‍ണമായും സംതൃപ്തിയും സന്തോഷവും തരുന്ന പ്രോജക്ടുകളാണ് താന്‍ ഏറ്റെടുക്കാറുള്ളതെന്നും ജോബ് അഭിപ്രായപ്പെട്ടു.

‘പിന്നെ സംഗീതത്തിന് ആസ്വാദകരേയുള്ളൂ. പണം മുടക്കാന്‍ ആളില്ല. അവരെ കുറ്റംപറയാനും കഴിയില്ല. എങ്കിലും മലയാളത്തിലെ മ്യൂസിക് ഇന്‍ഡസ്ട്രി കൂടുതല്‍ സാധ്യതകളിലേക്കു വളരുന്നുണ്ട്,’ അദ്ദേഹം പറയുന്നു.

ഇപ്പോള്‍ മ്യൂസിക് ആപ്പുകള്‍ കൂടുതല്‍ സജീവമായിത്തുടങ്ങിയെന്നും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ കോപ്പിറൈറ്റ് വന്നുതുടങ്ങിയിട്ടുണ്ടെന്നും ജോബ് പറയുന്നു. സംഗീതലോകവും മാറുകയാണെന്നും ഓരോ ആര്‍ട്ടിസ്റ്റിനും അര്‍ഹിക്കുന്ന അംഗീകാരം ഉറപ്പാക്കുന്ന വിധമുള്ള നല്ല മാറ്റങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:   Job Kurian says that cinema is a shared dream of many people.

We use cookies to give you the best possible experience. Learn more