| Thursday, 10th September 2026, 9:31 pm

ബാലണ്‍ ഡി ഓര്‍ നേടാന്‍ അവനല്ലാതെ മറ്റാര്‍ക്കും അര്‍ഹതയില്ല: ജാവോ കാന്‍സലോ

സുദേവ് എ

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപിക്കുക.

ഇപ്പോള്‍ ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹതയുള്ള താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണ താരം ജാവോ കാന്‍സലോ. സ്പാനിഷ് യുവതാരം ലാമിന്‍ യമാലാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹനെന്നാണ് ബാഴ്‌സ താരം പറഞ്ഞത്. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ മറ്റൊരു താരത്തിനും അര്‍ഹതയില്ലെന്നും കാന്‍സലോ പറഞ്ഞു.

‘ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹനായ താരം ലാമിന്‍ യമാലാണ്. ചെറുപ്പത്തില്‍ തന്നെ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച അവന്റെ സീസണ്‍ അതിശയിപ്പിക്കുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച യുവതാരമാണ് ലാമിന്‍ യമാല്‍. അതുകൊണ്ട് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവനാണ് ലഭിക്കേണ്ടത്. മറ്റൊരു താരം ഇതിന് അര്‍ഹനാണെന്ന് എനിക്ക് തോന്നുന്നില്ല. അത് ലാമിന്‍ യമാല്‍ തന്നെയാണ്.

യമാല്‍ തന്റെ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലണ്‍ ഡി ഓര്‍ പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

രാജ്യാന്തര തലത്തില്‍ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാല്‍ നേടിയത്.

Content Highlight: Joao Cancelo talks Lamine Yamal deserve 2026 Ballon d or

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more