| Saturday, 5th January 2019, 7:44 pm

രവിശങ്കറിന്‍റെയും ജഗ്ഗിയുടേയും പരിപാടിക്ക് ചിലവഴിച്ചത് 13 ലക്ഷം, ബധിര വിദ്യാര്‍ത്ഥിക്ക് സൗകര്യം ഒരുക്കാന്‍ ഫണ്ടില്ല; ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍, ജഗ്ഗി വാസുദേവ് എന്നിവരുടെ പരിപാടി നടത്താനായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റി 13 ലക്ഷം രൂപ ചെലവഴിച്ചു എന്നാരോപിച്ച് ജവഹര്‍ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ സമരത്തിലേക്ക്.

മതിയായ സൗകര്യങ്ങളില്ലാതെ പരീക്ഷ എഴുതിയ സെന്റര്‍ ഫോര്‍ ജാപ്പനീസ് സ്റ്റഡീസിലെ മുനേഷ് എന്ന ബധിര വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പരാജപ്പെടുത്തിയിരുന്നു. ഫണ്ട് അപര്യാപ്തത മൂലം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിക്ക് ആവശ്യമായ സൗകര്യം ഇല്ലെന്ന് ജെ.എന്‍.യു.എസ്.യു പറയുന്നു.

തനിക്ക് ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയ ചോദ്യ പേപ്പറും എഴുതാന്‍ ആളെയും നല്‍കാന്‍ സര്‍വകലാശാല തയ്യാറായില്ലെന്ന് മുനേഷ് കഴിഞ്ഞ ദിവസം ഐ.എ.എന്‍.എസിനോട് പറഞ്ഞിരുന്നു. പരീക്ഷാ ഫലം സ്വീകരിക്കാന്‍ മുനേഷ് വിസമ്മതിക്കുകയായിരുന്നു. സര്‍വകലാശാലയുടെ നടപടിയില്‍ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ബാബമാരായ ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ എന്നിവരുടെ പരിപാടി നടത്താനായി വി.സി 13 ലക്ഷത്തോളം രൂപയാണ് ചെലവാക്കിയതെന്ന് ജെ.എന്‍.യു.എസ്.യു പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വി.സിയുടെ സാമ്പത്തിക അഴിമതിയില്‍ പ്രതിഷേധിച്ച് 8,9 തീയ്യതികളില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് ജെ.എന്‍.യു.എസ്.യു.

“സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനായി ശ്രീ ശ്രീയുടെ വിമാന ടിക്കറ്റിനായി മാത്രം ജെ.എന്‍.യു വി.സി ചെലവഴിച്ചത് 87,000 രൂപയാണ്. ആനുവല്‍ ഡേ ആഘോഷത്തിന്റെ പേരിലാണ് സദ്ഗുരുവിന്റെയും ശ്രീ ശ്രീയുടേയും പരിപാടികള്‍ക്കായി യൂണിവേഴ്‌സിറ്റി അധികൃതര്‍ ഫണ്ട് ചെലവഴിച്ചത്”- കുറിപ്പില്‍ പറയുന്നു.

ലൈബ്രറി ഫണ്ടില്‍ 80 ശതമാനം വെട്ടിക്കുറച്ചതായും, ബി.എ എം.എ വിദ്യാര്‍ത്ഥികളുടെ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പിടിച്ചു വെക്കുന്നതായും ജെ.എന്‍.യു.എസ്.യു പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more