| Thursday, 18th February 2016, 4:58 pm

പോലീസ്-ആര്‍.എസ്.എസ് ഭീഷണിയെ തുടര്‍ന്ന് ജെ.എന്‍.യു ഐക്യദാര്‍ഢ്യ പരിപാടി എസ്.എഫ്.ഐ മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന ജെ.എന്‍.യു ഐക്യദാര്‍ഢ്യ പരിപാടി പോലീസ്-ആര്‍.എസ്.എസ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചു. ഇന്ന് രാവിലെ രണ്ട് വാഹനത്തില്‍ പോലീസ് ക്യാമ്പസിലെത്തുകയും ദേശവിരുദ്ധ പരിപാടിയെന്നാരോപിച്ച് പരിപാടിക്ക് അനുമതി നിഷേധിക്കുകയുമായിരുന്നു.

അതേ സമയം തന്നെ ക്യാമ്പസിന് പുറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ചെയ്തിരുന്നു. പരിപാടി ആര്‍.എസ്.എസുകാര്‍ ആക്രമിക്കുമെന്നുള്ള രഹസ്യ വിവരമുള്ളത് കൊണ്ട് കൂടിയാണ് പരിപാടിക്ക് അനുമതി നിഷേധിക്കുന്നതെന്നും പോലീസുകാര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറിയിച്ചു. “പൊരുതുന്ന ജെ.എന്‍.യുവിന് ഐക്യദാര്‍ഢ്യം” എന്ന പരിപാടിയാണ് തങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും രാജ്യദ്രോഹപരമായ ഒന്നും പരിപാടിയിലില്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചെങ്കിലും നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ക്യാമ്പസ് ഡയറക്ടര്‍ ബിച്ചാസ് മലയിലിന്റെ അനുമതിയോട് കൂടിയാണ് പരിപാടി നടത്തുന്നതെങ്കിലും തങ്ങളുടെ അനുമതിയും വേണമെന്ന് പോലീസുകാര്‍ നിര്‍ബന്ധം പിടിച്ചു.

തുടര്‍ന്ന് ചൊവ്വാഴ്ചയിലേക്ക് എസ്.എഫ്.ഐ പരിപാടി മാറ്റി വെക്കുകയായിരുന്നു. കൂടുതല്‍ വിപുലമായ രീതിയില്‍ സ്ഥലം എം.എല്‍.എ എ.എം ആരിഫ്, സി.പി.ഐ.എം ജില്ലാ നേതാക്കള്‍, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആര്‍. രാഹുല്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് എസ്.എഫ്.ഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്ത് വില കൊടുത്തും പരിപാടിയുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more