| Monday, 22nd June 2026, 1:47 pm

ടിയാന് ശേഷം പ്രേക്ഷകരുമായി കൂടുതൽ കണക്ട് ചെയ്യുന്ന സിനിമ ചെയ്യണമെന്നായിരുന്നു; ജിയെൻ കൃഷ്ണകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017-ൽ മുരളി ഗോപി തിരക്കഥ ഒരുക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അനന്തൻ കാട്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കി തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. തമിഴ് നടൻ ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ എന്നിവരടക്കം വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂൺ 25-ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു സംവിധായകൻ ജിയൻ കൃഷ്ണകുമാർ. ശ്രീ ഗോകുലം മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനന്തൻ കാട്.photo.IMDb

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ വിശ്വാസ രാഷ്ട്രീയത്തിന്റെ കഥപറഞ്ഞ ചിത്രമായ ടിയാൻ പ്രതീക്ഷിച്ച രീതിയിലുള്ള പ്രേക്ഷക പ്രതികരണം നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ എല്ലാ പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ കഴിയുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് ജിയെൻ കൃഷ്ണകുമാർ പറഞ്ഞു.

‘ടിയാൻ എല്ലാവർക്കും കണക്ട് ആകുന്ന ഒരു സിനിമയായിരുന്നില്ല. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. എന്നാൽ പിന്നീട് സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞവർ ഒരുപാട് ഉണ്ടായിരുന്നു . ഞാനും മുരളിച്ചേട്ടനും അടുത്ത സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള ഒരു സിനിമ വേണമെന്നായിരുന്നു ആഗ്രഹം.

അനന്തൻ കാട് ഒരു പ്യുവർ മലയാള സിനിമയല്ല. വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തുടക്കത്തിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും മുരളിച്ചേട്ടന് സിനിമയിൽ വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത നിരവധി സീക്വൻസുകൾ ചിത്രത്തിലുണ്ട്. വി.എഫ്.എക്സും സംഗീതവും ഉൾപ്പെടെ എല്ലാ ഘടകങ്ങളും നന്നാകുമ്പോഴാണ് ഒരു സിനിമ പൂർണമാകുന്നത്. ഷൂട്ടിങ് പൂർത്തിയായപ്പോൾ തന്നെ എനിക്ക് ആത്മവിശ്വാസം ലഭിച്ചിരുന്നു. പിന്നീട് പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലെത്തിയപ്പോഴേക്കും കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ വർക്ക് ഔട്ട് ആയിരുന്നു,’ ജിയെൻ കൃഷ്ണകുമാർ പറഞ്ഞു.

അനന്തൻ കാട്.photo:India Today malayalam

Content Highlight: Jiyen krishnakumar talks about his movie anathan kaadu

We use cookies to give you the best possible experience. Learn more