| Sunday, 25th October 2026, 11:36 pm

സീനിന്റെ കഥ പറയാന്‍ തുടങ്ങി ഒരു അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ സൂര്യ സാര്‍ ചിരിക്കാന്‍ തുടങ്ങി: ജിത്തു മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ്-മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ തന്നെ വലിയ കാത്തിരിപ്പാണ് സീനിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യയുടെ മറ്റൊരു മാസ് ആക്ഷന്‍ ചിത്രം കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

സീന്‍. Photo: X.com

ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നതെങ്കിലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്ന് കാണാം. നസ്രിയ നസീം, നസ്ലെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. നസ്‌ലെന്‍ അവതരിപ്പിക്കുന്ന ഈശ്വരന്‍ എന്ന കഥാപാത്രത്തിന്റെ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നവംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദുബൈയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ സീനിന്റെ കഥ പറയാനായി സൂര്യയുടെ അടുത്ത് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ജിത്തു മാധവന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ കഥ പറയാനായി ചെന്നപ്പോഴുണ്ടായ സൂര്യയുടെ റിയാക്ഷനെ കുറിച്ചാണ് ജിത്തു പരിപാടിയില്‍ സംസാരിച്ചത്.

Photo: X.com

‘സൂര്യ സാറിനെ നമുക്ക് ഏത് കഥയിലേക്ക് വേണമെങ്കിലും കൊണ്ടുവരാം, എന്നാല്‍ ആദ്യം അദ്ദേഹത്തിന് ആ കഥ ഇഷ്ടപ്പെടണം എന്നത് പ്രധാനമാണ്. ഞാന്‍ സൂര്യ സാറിനോട് കഥ വിവരിച്ചപ്പോള്‍, ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം ചിരിക്കാന്‍ തുടങ്ങി. സീനിനെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സ്‌പോയിലര്‍ ആവും എന്നുള്ളതിനാല്‍ ഒന്നും പറയുന്നില്ല. അതിനാല്‍ സിനിമ റിലീസ് ചെയ്ത ശേഷം നമുക്ക് കൂടുതല്‍ സംസാരിക്കാം. ഇപ്പോള്‍ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല, അതിനാല്‍ ആ രംഗം എല്ലാ ഭാഷകളിലും ആഘോഷിക്കപ്പെടും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ജിത്തു പറഞ്ഞു.

Content Highlight: Jithu Madhavan talks about Suriya’s reaction when he narrated the story of Scene to him

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more