കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജിത്തു മാധവന്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു 2024ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലൂടെയാണ് തന്റെ ക്ലാസ് തെളിയിക്കുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ആരാധകരേറെയാണ്.
ജിത്തു മാധവന് തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന് ദി ബോയിയും നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ആവേശത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത് നവംബര്‍ ആറിന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന സീന്‍. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നത്. നസ്ലെനും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സീന്‍. Photo: X.com
സീനിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലേക്ക് ആദ്യം മനസിലുണ്ടായിരുന്ന കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവന്. ഫഹദിനെയും നസ്രിയയെും പ്രധനവേഷങ്ങളിലെത്തിച്ച് ചിത്രം ചെയ്യാനായിരുന്നു തന്റെ പ്ലാനെന്നും പിന്നീട് സൂര്യയെ നായകനാക്കി ചിത്രം ചെയ്യുകയായിരുന്നുവെന്നും ജിത്തു പറയുന്നു.
‘ഞാനും ഫഹദും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സീനിന്റെ കഥയും ഞാനദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. ഫഹദിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് ഫഹദ്-നസ്രിയ പെയറായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഒപ്പം മറ്റൊരു കഥയും ഉണ്ടായിരുന്നു, അതും ഫഹദിന് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ആദ്യത്തെ കഥ ഞാന്‍ സൂര്യ സാറിന് വേണ്ടിയാണ് എഴുതുന്നതെന്നും അത് വര്‍ക്കാകുമോ എന്ന് നോക്കട്ടെ എന്നും ഫഹദിനെ അറിയച്ച് ഞാന്‍ എഴുതാന്‍ തുടങ്ങി. പിന്നീട് ഞാന്‍ ആ കഥ സൂര്യ സാറിനോട് പറഞ്ഞു,’ ജിത്തു പറയുന്നു.
സീന്‍. Photo: X.com
വര്‍ഷങ്ങള്‍ നീണ്ട ഹിറ്റ് വരള്‍ച്ചയ്ക്ക് ശേഷം കറുപ്പിലൂടെയും വിശ്വനാഥന് ആന്‍ഡ് സണ്സിലൂടെയും സൂര്യ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. സീനിലൂടെ ഈ റണ്‍ തുടരാമെന്നുള്ള പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. ഒരിടവേളയ്ക്ക് ശേഷം നസ്രിയയുടെ തമിഴിലേക്കുള്ള തിരിച്ചുവരവും നസ്ലെന്റെ അരങ്ങേറ്റ തമിഴ് ചിത്രവുമാണ് സീന്‍ എന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Jithu Madhavan talks about Scene Movie and casting Fahadh and Nazriya thoughts instead of Suriya