| Wednesday, 11th November 2026, 11:15 pm

സ്റ്റാര്‍ഡത്തില്‍ നിന്നും നസ്‌ലെന്‍ ഈ സിനിമയിലേക്ക് വരുമോ എന്നായിരുന്നു പേടി, പെര്‍ഫോം ചെയ്യുമോ എന്ന് ആയിരുന്നില്ല: ജിത്തു മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളായി താരം മാറിയിരുന്നു.

നസ്‌ലെന്‍. Photo: The Week

പിന്നാലെ മികച്ച തിരക്കഥകള്‍ തെരഞ്ഞെടുത്തുകൊണ്ട് മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ നസ്ലെന് സാധിച്ചിരുന്നു. താരത്തിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ്. ചിത്രത്തിലെ നസ്‌ലെന്റെ പ്രകടനത്തിന് മികച്ച പ്രശംസയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ വില്ലനായും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത സൂര്യ ചിത്രം സീനിലാണ് താരം കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലേക്ക് നസ്‌ലെനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നിലവിലുള്ള സ്റ്റാര്‍ഡത്തില്‍ നിന്നും മാറി ഒരു വില്ലന്‍ വേഷം ചെയ്യാന്‍ നസ് ലെന്‍ തയ്യാറാകുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ജിത്തു മാധവന്‍ പറഞ്ഞത്.

‘നസ്‌ലെന്റെ മുകളില്‍ ഞാന്‍ വിശ്വസിക്കുന്നതിന് അപ്പുറത്തേക്ക് നസ്‌ലെന്‍ ഈ സ്‌ക്രിപ്റ്റില്‍ വിശ്വസിക്കുകയും വരികയും ചെയ്തതാണ് വലിയ കാര്യമെന്നാണ് ഞാന്‍ കരുതുന്നത്. കാരണമെന്തെന്നാല്‍ നസ്‌ലെന്‍ ഓള്‍റെഡി പൊസിഷന്‍ഡ് ആര്‍ടിസ്റ്റാണ്. ഈ സിനിമയില്ലെങ്കിലും വലിയ നിലയിലേക്കെത്തേണ്ട ഒരു സ്റ്റാറാണ് നസ്‌ലെന്‍.

നസ്‌ലെന്‍. Photo: X.com

അങ്ങനെയുള്ള ഒരു സ്റ്റാര്‍ഡത്തില്‍ നിന്നും നസ്‌ലെന്‍ ഈ സിനിമയിലേക്കെത്തുമോ എന്നായിരുന്നു എന്റെ പേടി. അല്ലാതെ നസ്‌ലെന് ഇത് പെര്‍ഫോം ചെയ്യാന്‍ പറ്റുമോ എന്ന് ഒരു സമയത്ത് പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. നസ്‌ലെനെ പോലെ ഒരു ആര്‍ടിസ്റ്റിന് അത് ഈസിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം ഈസിയായിട്ട് സിറ്റുവേഷന്‍ ഹോള്‍ഡ് ചെയ്യുന്ന സെന്‍സിബിള്‍ ആര്‍ടിസ്റ്റാണ് നസ്‌ലെന്‍,’ ജിത്തു മാധവന്‍ പറഞ്ഞു.

Content Highlight: Jithu Madhavan talks about Naslen and casting him in Scene Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more