| Friday, 13th November 2026, 12:21 pm

ബാലനാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്; എന്റെ എനർജി വെച്ചിട്ട് ആവേശമാണ് ചെയ്യണ്ടതെന്ന് അദ്ദേഹം പറഞ്ഞു: ജിത്തു മാധവൻ

അനുപമ കെ. സീത

ഗപ്പി എന്ന ചിത്രത്തിൽ സഹ സംവിധായകനായാണ്  ജിത്തു മാധവൻ വെള്ളിത്തിരയിലെത്തുന്നത്. 2023ൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദ്യ സിനിമ രോമാഞ്ചം പുറത്തിറങ്ങി. പിന്നീട് ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്ത ആവേശം തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ സൂര്യയെ നായകനാക്കി ചെയ്ത സീൻ 200 കോടി ക്ലബിൽ കയറി വിജയകുതിപ്പ് തുടരുകയാണ്. സംവിധാനം ചെയ്ത മൂന്ന് സിനിമകളും വമ്പൻ വിജയമാക്കാൻ ജിത്തുവിന് കഴിഞ്ഞിട്ടുണ്ട്.

ചിദംബരം സംവിധാനം ചെയ്ത ബാലൻ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് ജിത്തുവായിരുന്നു. ആ സിനിമ താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും ആവേശത്തിന് പകരം ബാലനാണ് ചെയ്യാനിരുന്നതെന്നും പറയുകയാണ് ജിത്തു. ദി ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ബാലന്‍ Photo: X.com

‘ഞാൻ ആവേശത്തിന് പകരം ചെയ്യാനിരുന്ന സിനിമയാണ് ബാലൻ. അൻവർ റഷീദ്, അമ്പുക്കയായിട്ടൊക്കെ സംസാരിച്ചിരുന്നു. അദ്ദേഹമായിട്ട് രണ്ടു മൂന്ന് സബ്ജക്റ്റുകൾ സംസാരിച്ചു. അതിൽ ആവേശമുണ്ടായിരുന്നു. ബാലനാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്. ഇത് കേട്ട് അമ്പുക്കയാണ് പറഞ്ഞത് ‘നീ ആവേശമാണ് ചെയ്യേണ്ടത്. നിന്റെ എനർജി വെച്ചിട്ട് നീ അടുത്തത് ചെയ്യേണ്ടത് ഇതാണ്’ എന്ന് പറഞ്ഞ് ആവേശത്തിലേക്ക് എന്നെ പുഷ് ചെയ്തത് അമ്പുക്കയാണ്. അങ്ങനെയാണ് ആവേശം പ്രൊജക്റ്റ് ആകുന്നത്.

അത് കഴിഞ്ഞ് എനിക്ക് ഇമ്മീഡിയറ്റായി പൈങ്കിളി വന്നു. അത് കഴിഞ്ഞിട്ട് സീൻ ഓണായി. അപ്പോഴും ഈ ബാലൻ അവിടെ ഇരിപ്പുണ്ട്. ബാലന്റെ ഒരു ചെറിയ എലമെന്റാണ്. അപ്പോൾ അതിലെ ഒരു ചെറിയൊരു പോർഷൻ ഏതെങ്കിലും സിനിമയിൽ വന്നാൽ പോലും അത് നഷ്ടപ്പെടും. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു സബ്ജക്ടാണ് ബാലന്റേത്. ആ സമയത്താണ് ചിദംബരം വന്നത്. അവന് വലിയൊരു പ്രൊജക്റ്റ് നിൽപ്പുണ്ട്. ‘അതിനു മുന്നേ ചെയ്യാൻ എന്തെങ്കിലും സബ്ജക്റ്റ് ഉണ്ടോ എന്ന് ചോദിച്ചിട്ട് സംസാരിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഈ കഥ പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.

ഏറെ നിരൂപക പ്രശംസ കിട്ടിയ ചിത്രമായിരുന്നു സൈക്കോളജിക്കൽ മിസ്റ്ററി ഡ്രാമ പ്രമേയത്തിൽ വന്ന ബാലന്‍ ദി ബോയ്. ഫര്‍സാന പാലത്തിങ്കൽ, ടൊവിനോ തോമസ്, ആദിശേഷ്, ജീൻ പോൾ ലാൽ, മുഹമ്മദ് സിനാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

Content Highlight: Jithu Madhavan talks about Balan The Boy movie and Aavesham

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more