| Wednesday, 11th November 2026, 9:32 pm

ഹീറോ എലവേഷന്‍ സോങ് എന്നൊരു സംഭവം എനിക്കറിയില്ല; സീനിലെ പാട്ടുകള്‍ക്ക് ലഭിച്ച മോശം പ്രതികരണങ്ങളെ കുറിച്ച് ജിത്തു മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങള്‍ നീണ്ട പരാജയ തുടര്‍ച്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പുമായി സൂര്യ തിയേറ്ററുകളിലേക്കെത്തിയത്. വലിയ വിജയം നേടിയ കറുപ്പിന് പിന്നാലെ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ബോക്‌സ് ഓഫീസില്‍ വിജയം നേടിയതോടെ താരത്തിന്റെ മൂന്നാമത്തെ ചിത്രമായ സീനും വിജയമാകുമെന്ന ശുഭപ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

രോമാഞ്ചം ആവേശം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീനിന് മികച്ച പ്രതികരണമാണ് ഇതിനോടകം തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ ആഗോളതലത്തില്‍ 175 കോടിയ്ക്ക് മുകളില്‍ നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സീനിന്റെ റിലീസിന് മുമ്പ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെതിരെയും ചിത്രത്തിലെ ഗാനങ്ങള്‍ക്കെതിരെയും പലരും അഭിപ്രായം അറിയിച്ചിരുന്നു.

Photo: X.com

ചിത്രത്തിലെ ഗാനങ്ങളും ടീസറിലും ട്രെയ്‌ലറിലും പങ്കുവെച്ച പശ്ചാത്തല സംഗീതവും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആത്തി ഇവ യാര. എയറോപ്ലെയ്ന്‍ എന്നീ ഗാനങ്ങള്‍ക്ക് യാതൊരു ഇംപാക്ടുമില്ലെന്നും ചിത്രത്തിന് സായ് അഭ്യങ്കാറോ, അനിരുദ്ധോ സംഗീത സംവിധാനം ചെയ്താല്‍ മതിയായിരുന്നു എന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

എന്നാല്‍ സുഷിനെ പിന്തുണച്ചും പലരും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് അനുയോജ്യമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് സുഷിന്‍ ഒരുക്കാറുള്ളത് എന്നും സീനിന്റെ റിലീസിന് ശേഷം ഇത് മനസിലാകുമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍. എയറോപ്ലെയ്ന്‍ സോങ്ങിന്റെ പ്ലേസ്‌മെന്റ് അടക്കം വലിയ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ സിനിഗുലാമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് ജിത്തു മാധവന്‍.

‘ഹീറോ എലവേഷന്‍ സോങ് എന്ന കണ്‍സെപ്റ്റ് ഞങ്ങള്‍ക്കറിയില്ല. ഹീറോയെ പുകഴ്ത്തി പാടുന്നതിനെയാണ് ഹീറോ എലവേഷന്‍ സോങ് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയൊരു പാട്ട് തന്നെ നമ്മുടെ ചിത്രത്തിലില്ല എന്നാണ് ഞാന്‍ പറഞ്ഞത്. പ്ലാന്‍ ചെയ്തത് പോലെ തന്നെ നടക്കും, സിനിമ റിലീസായിക്കഴിഞ്ഞാല്‍ പാട്ടുകള്‍ പിക്കപ്പാവും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

Photo: X.com

ചിത്രം കാണാന്‍ വരുമ്പോള്‍ ഈ പാട്ട് പ്രേക്ഷകന് പരിചിതമാണെങ്കില്‍ അത് ആ മൊമന്റില്‍ തിയേറ്ററില്‍ എക്പീരിയന്‍സിന് ഒരുപാട് ഗുണകരമാവും. അതുകൊണ്ട് ഈ പാട്ട് ആദ്യം വരണം, അത് കഴിഞ്ഞ് ഈ പാട്ട് വരണം എന്നൊരു പ്ലാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇല്ലെങ്കില്‍ പടത്തിന്റെ മൂഡ് തന്നെ മനസിലാവില്ലായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.

Content Highlight: Jithu Madhavan talks about backlash against songs in Scene movie and Sushin Shyam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more