| Thursday, 16th July 2026, 8:24 pm

സൂര്യ പടത്തിന് പാക്കപ്പ്; ആവേശത്തില്‍ ആരാധകര്‍

അശ്വിന്‍ രാജേന്ദ്രന്‍

വരാനിരിക്കുന്ന ചിത്രങ്ങളില്‍ തമിഴ്-മലയാളം സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന സൂര്യ47. ആവേശം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍, സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ തന്നെ പ്രൊജക്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളിവുഡിലും മോളിവുഡിലും വലിയ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Photo: Zhagaram Studios

നിര്‍മാതാക്കളായ ഴഗരം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് ചിത്രം പാക്കപ്പായിരിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ കുറിച്ച് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആവേശത്തിലെ രംഗണ്ണനെ പോലെ മറ്റൊരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ റോളില്‍ സൂര്യയെ കാണാനാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.

തമിഴ് ചിത്രമായിട്ടാണ് സൂര്യ47 ഒരുക്കുന്നതെങ്കിലും ചിത്രത്തില്‍ നസ്‌ലെനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിത്രത്തില്‍ സംഗീത സംവിധായകനായെത്തുന്നത് സുഷിന്‍ ശ്യാമാണ്. ഇപ്പോള്‍ പുറത്തുവിട്ട ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Photo: Zhagaram Studios

സൂര്യയുടെതായി അടുത്തിടെ പുറത്തിറങ്ങിയ കറുപ്പ് വലിയ ഹിറ്റായി മാറിയതോടെ ഗംഭീര തിരിച്ച് വരവായിരുന്നു താരം നടത്തിയത്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലും വിജയിയുടെ അഭാവത്തിലും തമിഴില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സൂര്യയെ ചിത്രം സഹായിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും സൂര്യ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയേകുന്നു.

Content Highlight: Jithu Madhavan- Suriya Movie Suriya47 shoot wrapped

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more