സംവിധാനം ചെയ്ത മൂന്ന് സിനിമകളും ബ്ലോക്ക്ബസ്റ്ററാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ജിത്തു മാധവന്. ഹൊറര്‍, ആക്ഷന്‍ ഗ്യാങ്സ്റ്റര്‍, ഇന്‍വെസ്റ്റിഗേഷന്‍ എന്നീ ഴോണറുകളില്‍ കോമഡി മിക്സ് ചെയ്ത കഥപറച്ചിലാണ് ജിത്തുവിന്റേത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സീന്‍ 260 കോടിയും കടന്ന് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.
സൂര്യയെ നായകനാക്കി ഒരുക്കിയ സീന്‍ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. 150 കോടി നേടിയ ആവേശത്തെ മറികടന്ന് കരിയറിലെ ഏറ്റവും വലിയ വിജയമായി സീന്‍ മാറിക്കഴിഞ്ഞു. തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ ജിത്തുവിന് സാധിച്ചെന്നാണ് കമന്റുകള്‍. സമീപകാലത്ത് കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവന്.
‘അടുത്ത് കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്. അധികം സിനിമകളൊന്നും അടുത്തകാലത്ത് കണ്ടിട്ടില്ല. പക്ഷേ, കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ബെത്ലഹേം കുടുംബ യൂണിറ്റാണ്. എനിക്ക് ഒരുപാട് ഇഷ്ടമായി ആ സിനിമ. ഇനിയൊരു 45 മിനിറ്റ് കൂടി ആ പടം ഉണ്ടായിരുന്നെങ്കില്‍ തിയേറ്ററില്‍ തന്നെ ഇരുന്നേനെ,’ ജിത്തു മാധവന് പറയുന്നു.
പെട്ടെന്ന് ആലോചിച്ചപ്പോള്‍ വേറെ സിനിമയൊന്നും കിട്ടിയില്ലെന്നും ബെത്ലഹേം അത്രക്ക് ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഒട്ടും പ്ലാന്‍ ചെയ്യാതെയാണ് താന്‍ ആ സിനിമ കണ്ടതെന്നും മനസ് നിറഞ്ഞ അനുഭവമായിരുന്നെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു. രേഖ മേനോന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിത്തു മാധവന്.
‘സത്യം പറഞ്ഞാല്‍ ഒരു പ്ലാനിങ്ങുമില്ലാതെ കണ്ട സിനിമയാണത്. ഞാന്‍ നോക്കുമ്പോള്‍ ആ തിയേറ്ററില്‍ ആകെ ഒരു സീറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സിനിമ തുടങ്ങാന്‍ അര മണിക്കൂറും കൂടിയുണ്ട്. കൂടുതലൊന്നും ആലോചിക്കാതെ അങ്ങ് ബുക്ക് ചെയ്തു. എന്നിട്ട് തിയേറ്ററിലേക്ക് ഓടുകയായിരുന്നു. കറക്ട് സമയത്ത് തന്നെ തിയേറ്ററിലെത്തി. അങ്ങനെ കണ്ട പടമാണ്,’ ജിത്തു മാധവന് പറയുന്നു.
കരിയറിലെ ആദ്യ തമിഴ് ചിത്രം ഗംഭീരമാക്കിയ ജിത്തു മാധവനെ പ്രശംസിക്കുകയാണ് തമിഴ് സിനിമാപേജുകള്‍. കൊമേഷ്സ്യല്‍ സിനിമകള്‍ക്ക് വ്യത്യസ്തമായ കഥപറച്ചില്‍ സമ്മാനിക്കുന്നത് മറ്റ് സംവിധായകര്‍ കണ്ടുപഠിക്കണമെന്നാണ് കമന്റുകള്‍. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന് എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് സീന്‍.
Content Highlight: Jithu Madhavan saying Bethlehem Kudumba Unit is the best film he watched recently