| Friday, 13th November 2026, 5:30 pm

തമിഴിലും ജിത്തു മാധവന്റെ ശീലത്തിന് മാറ്റമില്ല; സോഷ്യല്‍ മീഡിയയിലൂടെ വന്ന് 'സീന്‍' തൂക്കിയ ഒരുലോഡ് പുതുമുഖങ്ങള്‍

അമര്‍നാഥ് എം.

തമിഴില്‍ ഈ വര്‍ഷത്തെ തന്റെ മൂന്നാമത്തെ 200 കോടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ. മലയാളിയായ ജിത്തു മാധവന്‍ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ സീന്‍ രാമായണക്കൊപ്പം ബോക്‌സ് ഓഫീസില്‍ കട്ടക്ക് പിടിച്ച് നില്‍ക്കുന്നുണ്ട്. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് സൂര്യയുടേത്.

നായകനെ മാത്രം ചുറ്റിപ്പറ്റി നില്‍ക്കാതെ മറ്റ് കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ജിത്തു മാധവന്‍ കഥ പറഞ്ഞിരിക്കുന്നത്. പ്രധാന താരങ്ങളൊഴികെ ബാക്കി എല്ലാവരും താരതമ്യേന പുതുമുഖങ്ങളാണ്. രോമാഞ്ചം, ആവേശം എന്നീ സിനിമകളിലേത് പോലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയവരെയാണ് ജിത്തു മാധവന്‍ സീനില്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്.

സൂര്യയുടെ അസിസ്റ്റന്റ് പൊലീസുദ്യോഗസ്ഥരായ സിബി, വിനോദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പുതുമുഖങ്ങളാണ്. ലുങ്കി ബോയ്‌സ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ രാജ്പ്രിയനാണ് സിബിയായി വേഷമിട്ടത്. ചിത്രത്തില്‍ മൂന്ന് പാട്ടുകള്‍ക്ക് വരികളെഴുതിയതും രാജ്പ്രിയനാണ്. വിനോദിനെ അവതരിപ്പിച്ച സുരേഷ് മതിയഴകനും റീല്‍സിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ്. ചിത്രത്തില്‍ സംവിധാന സഹായിയായും സുരേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വളരെ കുറച്ച് സീനില്‍ മാത്രം വന്ന് പോയ സൂര്യയുടെ അമ്മയും പുതുമുഖമാണ്. അനുരാധ ശ്രീധറാണ് രാജലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡാന്‍സ് മാസ്റ്റര്‍ ശ്രീധര്‍ (‘കടുംതുടിയെവിടെ’ പാട്ടിന്റെ കൊറിയോഗ്രാഫര്‍, ലീഡ് ഡാന്‍സര്‍) ആണ് അനുരാധയുടെ പങ്കാളി. മകള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയാണ് അനുരാധക്ക് സീനിലേക്കുള്ള വഴിയൊരുക്കിയത്.

നസ്‌ലെന്‍ അവതരിപ്പിച്ച ഈശ്വരന്റെ സഹായായി വേഷമിട്ട മാമിയും മാമനും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയവരാണ്. യൂട്യൂബ് കോമഡികളിലൂടെ ശ്രദ്ധ നേടിയ സുഡലൈമണിയാണ് മാമനായി വേഷമിട്ടത്. നക്കലൈറ്റ്‌സ് ചാനലിലൂടെ ശ്രദ്ധ നേടിയ തിലഗവതിക്കും സീന്‍ ബിഗ് സ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിന് വഴിയൊരുക്കി.

വെറും മൂന്ന് സീനില്‍ മാത്രം വന്ന് ചിരിയുടെ പൂരമൊരുക്കിയ മാരനും (ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോകുന്ന കഥാപാത്രം), കാമുകിയായ സുജാതയും ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയവരാണ്. മുത്തശ്ശിക്കൊപ്പം ചെയ്ത റീലുകളിലൂടെ മണി ശരണ്‍ ശ്രദ്ധ നേടിയപ്പോള്‍ ശരണ്‍ ബേ വ്‌ളോഗ്‌സാണ് ശരണ്യക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്.

ജിത്തു മാധവന്റെ പങ്കാളി ഷിബിന ബബിനാണ് സീനിന്റെ കാസ്റ്റിങ് ഡയറക്ടര്‍. തമിഴിലെ സൂപ്പര്‍താരത്തിന്റെ സിനിമയില്‍ ഇത്രയധികം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചതാണ് തമിഴ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. സാധാരണ രീതിയില്‍ സിനിമയിലേക്കെത്തിയ ശ്രദ്ധ നേടാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന ഇത്തരം ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്ത ജിത്തു മാധവന് കൈയടിക്കുകയാണ് തമിഴ് പേജുകള്‍. തമിഴിലെ ആദ്യ സിനിമയിലൂടെ ജിത്തു ‘സീന്‍’ മാറ്റിയെന്നാണ് പലരുടെയും കമന്റുകള്‍.

Content Highlight: Jithu Madhavan casted social media celebrities in Scene movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more