| Wednesday, 28th October 2026, 10:27 pm

ബാംഗ്ലൂരില്‍ ഓജോ ബോര്‍ഡിന് പ്രൊമോഷന്‍ നല്‍കിയത് ഞങ്ങളായിരുന്നു, സിനിമയിലുള്ളത് പോലെ പ്രേതത്തിനെയൊന്നും കണ്ടിട്ടില്ല: ജിത്തു മാധവന്‍

അമര്‍നാഥ് എം.

വെറും രണ്ട് സിനിമകള്‍ കൊണ്ട് മോളിവുഡിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച സംവിധായകനാണ് ജിത്തു മാധവന്‍. ബാംഗ്ലൂരില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറഞ്ഞ രോമാഞ്ചമായിരുന്നു ജിത്തുവിന്റെ ആദ്യചിത്രം. വളരെ കുറഞ്ഞ ബജറ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 80 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.

രണ്ടാമത്തെ ചിത്രമായ ആവേശം സൗത്ത് ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. രംഗ എന്ന ഗ്യാങ്സ്റ്ററായി ഫഹദ് അഴിഞ്ഞാടിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന സീനാണ് ജിത്തുവിന്റെ പുതിയ ചിത്രം. വന്‍ ഹൈപ്പിലൊരുങ്ങുന്ന സീന്‍ റിലീസിന് തയാറെടുക്കുകയാണ്. ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന സീനിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

ആദ്യചിത്രമായ രോമാഞ്ചത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവന്‍. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് തങ്ങളുടെ ലൈഫില്‍ നടന്ന കാര്യങ്ങളാണ് രോമാഞ്ചത്തിന്റെ കഥയെന്നും ഓജോ ബോര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ജിത്തു മാധവന്‍ പറയുന്നു. എന്നാല്‍ സിനിമയില്‍ കാണിച്ചതുപോലെ എല്ലാം നടന്നിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ജിത്തു.

‘ആ സിനിമയില്‍ കാണിച്ച എല്ലാ കാര്യമൊന്നും ഞങ്ങളുടെ ലൈഫില്‍ നടന്നിട്ടില്ല. അതായത്, ഓജോ ബോര്‍ഡ് ഉപയോഗിച്ചു, കുറച്ചുനാള്‍ ആ ഏരിയയില്‍ ചര്‍ച്ചയായി. ബാംഗ്ലൂരില്‍ ആ സമയത്ത് ഓജോ ബോര്‍ഡിന് പ്രൊമോഷന്‍ കൊടുത്തത് ഞങ്ങളായിരുന്നു. ഇങ്ങനെയൊരു സംഭവം പലര്‍ക്കും പുതിയ അനുഭവമായിരുന്നു. പ്രേതത്തെ കണ്ടിട്ടൊന്നുമില്ല.

ഞാനും എന്റെ വേറൊരു ഫ്രണ്ടും കൂടിയാണ് ആ കോയിന്‍ നീക്കിയത്. ബാക്കിയുള്ളവര്‍ ആ പ്രേതം സത്യമാണെന്ന് വിചാരിച്ചു. അനാമിക എന്ന പേരിട്ടത് വേറെ രണ്ടുപേരാണ്. അവരും ഇതുപോലെ പറ്റിക്കാന്‍ വേണ്ടി കോയിന്‍ നീക്കുകയായിരുന്നു. പക്ഷേ ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഇത് ശരിക്കും അനങ്ങുന്നതാണോ എന്ന് ഞങ്ങള്‍ക്ക് തോന്നി.

പിന്നീട് അവിടെ എന്ത് നടന്നാലും ഓജോ ബോര്‍ഡുമായി കണക്ട് ചെയ്തു. ചെറുതായിട്ട് പേടിച്ചപ്പോള്‍ ആ പരിപാടി തന്നെ നിര്‍ത്തി. പിന്നീട് ആ സംഭവം സിനിമയാക്കിയപ്പോള്‍ അതിലേക്ക് ക്രിയേറ്റീവായി കുറച്ച് കാര്യങ്ങള്‍ ചേര്‍ത്തു. അത്രയേ ഉണ്ടായിരുന്നുള്ളൂ. റിയല്‍ ലൈഫില്‍ പ്രേതത്തെ കണ്ടിട്ടൊന്നുമില്ല,’ ജിത്തു മാധവന്‍ പറയുന്നു.

Content Highlight: Jithu Madhavan about the real life incidents behind Romancham movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more