വെറും രണ്ട് സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ സംവിധായകനാണ് ജിത്തു മാധവന്‍. കണ്ടുശീലിച്ച സിനിമാരീതികളില്‍ നിന്ന് വ്യത്യസ്തമായ കഥപറച്ചിലാണ് ജിത്തുവിന്റെ പ്രത്യേകത. തുടര്‍ച്ചയായി രണ്ട് ഹിറ്റുകള്‍ ഒരുക്കിയ ജിത്തുവിന്റെ പുതിയ ചിത്രം തമിഴിലാണ്. സൂര്യയെ നായകനാക്കിക്കൊണ്ടുള്ള സീന്‍ റിലീസിന് തയാറെടുക്കുകയാണ്.
മലയാളി സംവിധായകനായതുകൊണ്ട് തമിഴില്‍ സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന ചോദ്യത്തോട് ജിത്തു മാധവന്‍ പ്രതികരിച്ചു. തനിക്ക് തമിഴറിയാവുന്നതുകൊണ്ട് വലിയ പ്രശ്‌നമില്ലായിരുന്നെന്ന് ജിത്തു പറഞ്ഞു. തമിഴില്‍ തന്നെയാണ് ഈ ചിത്രം ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമകളുടെ രീതിയില്‍ തന്നെയാണ് സീന്‍ ഒരുക്കിയതെന്നും ഓരോ ഇന്‍ഡസ്ട്രിയിലും എല്ലാ തരം സിനിമകളും സ്വീകരിക്കപ്പെടുമെന്നാണ് തന്റെ അഭിപ്രായമെന്നും സംവിധായകന്‍ പറഞ്ഞു. സട്ടിലായിട്ടുള്ള സിനിമകള്‍ മലയാളത്തില്‍ മാത്രമേ ഉള്ളൂവെന്ന് ചിലര്‍ ധരിച്ചിട്ടുണ്ടെന്നും അത് തെറ്റാണെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ജിത്തു മാധവന്‍.
‘ഇപ്പോള്‍ രോമാഞ്ചം എഴുതാന്‍ എനിക്ക് ഇന്‍സ്പയറായ സിനിമകളിലൊന്ന് തമിഴിലെ നടുവുലെ കൊഞ്ചം പക്കത്തെ കാണോം ആണ്. ആ സിനിമ സട്ടിലായിട്ടുള്ള ഒന്നായിരുന്നു. അത് ഇവിടെ സ്വീകരിക്കപ്പെട്ടു. മലയാളത്തില്‍ ഇങ്ങനെയുള്ള സിനിമകള്‍ മാത്രമേ വര്‍ക്കാവുകയുള്ളൂ, തമിഴില്‍ ഇങ്ങനെയുള്ള സിനിമ വര്‍ക്കാകില്ല എന്നൊന്നുമില്ല.
ഇപ്പോള്‍ ദൃശ്യം എന്ന സിനിമ എടുത്തുനോക്കാം. അതിന്റെ മലയാളം വേര്‍ഷനും തമിഴ് റീമേക്കും ഒരുപോലെ ഇഷ്ടപ്പെട്ട ആളുകള്‍ ഒരുപാടുണ്ട്. ലാല്‍ സാറും കമല്‍ സാറും ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡ്‌സാണ്. ഒരേ രീതിയിലുള്ള കഥാപാത്രത്തെ രണ്ട് പേരും ഏറ്റെടുത്ത രീതി നോക്കൂ. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം തമിഴിലേക്ക് വന്നപ്പോള്‍ കമല്‍ സാര്‍ അത് തന്റേതായ രീതിയിലാണ് അവതരിപ്പിച്ചത്.
അത് കമല്‍ സാറിന്റെ സ്ഥിരം ശൈലിയാണ്. മുന്നാ ഭായ് എം.ബി.ബി.എസ് റീമേക്ക് ചെയ്തപ്പോള്‍ അത് അദ്ദേഹത്തിന്റെ സിനിമയെന്ന രീതിയിലാണ് ചെയ്തത്. അതുകൊണ്ടാണ് കമല്‍ സാര്‍ ഒരു ലെജന്‍ഡായി നില്‍ക്കുന്നത്. അദ്ദേഹം ലെജന്‍ഡാണ് എന്നതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഫാന്‍ എന്ന നിലയില്‍ പറഞ്ഞെന്നേ ഉള്ളൂ,’ ജിത്തു മാധവന്‍ പറയുന്നു.
Content Highlight: Jithu Madhavan about Mohanlal and Kamal Haasan