| Tuesday, 10th November 2026, 9:55 pm

ഏതെങ്കിലും പുതിയ നടനെ കാസ്റ്റ് ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചത്, നസ്‌ലെനാണ് വില്ലനെന്ന് പറഞ്ഞപ്പോള്‍ സൂര്യ സാര്‍ ഒറ്റ കാര്യം മാത്രമേ ചോദിച്ചുള്ളൂ: ജിത്തു മാധവന്‍

അമര്‍നാഥ് എം.

തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് തമിഴ് ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയ ചിത്രം ഇതിനോടകം 160 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ഈ വര്‍ഷം ഹാട്രിക് ബ്ലോക്ക്ബസ്റ്ററുകളാണ് സൂര്യ നേടിയത്.

മലയാളികളുടെ സ്വന്തം നസ്‌ലെനാണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും കാത്തിരുന്നത് നസ്‌ലെന്റെ പെര്‍ഫോമന്‍സിന് വേണ്ടിയായിരുന്നു. തമിഴിലെ അരങ്ങേറ്റത്തില്‍ അവിടുത്തെ സൂപ്പര്‍സ്റ്റാറിന്റെ വില്ലനാവുകയും ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുകയും ചെയ്ത നസ്‌ലെന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

പ്രേമലു, ലോകഃ പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനായ നസ്‌ലെനെ വില്ലനാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ഈശ്വരന്‍ എന്ന കഥാപാത്രം ആരെക്കൊണ്ട് ചെയ്യിക്കുമെന്ന് ഒരുപാട് ആലോചിച്ചെന്ന് ജിത്തു പറഞ്ഞു. തമിഴില്‍ ഇതുവരെ കാണാത്ത ഏതെങ്കിലും നടന്‍ വേണമെന്നായിരുന്നു തന്റെ മനസിലെന്നും അദ്ദേഹം പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ജിത്തു മാധവന്‍.

‘നായകനോളം പവര്‍ഫുള്ളായിട്ടുള്ള ക്യാരക്ടറാണ് വില്ലന്‍. അത് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന ഒരാളെ കാസ്റ്റ് ചെയ്യണം. ഏതെങ്കിലും പുതുമുഖത്തെ കൊണ്ടുവന്നാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. ആ ഒരു ഫ്രഷ്‌നസ്സ് വേണമല്ലോ, പിന്നീടാണ് നസ്‌ലെന്‍ എന്റെ മൈന്‍ഡിലേക്ക് വന്നത്. പ്രേമലുവൊക്കെ ചെയ്ത് സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന നസ്‌ലെന്‍ വില്ലന്‍ റോളിന് ഓക്കെ പറയുമോ എന്നായിരുന്നു പ്രധാന ടെന്‍ഷന്‍.

പക്ഷേ, കഥ കേട്ടപ്പോള്‍ നസ്‌ലെന്‍ ഓക്കെ പറഞ്ഞു. ‘വേറെ ആരെയും നോക്കണ്ട, ഞാന്‍ തന്നെ ചെയ്‌തോളാം’ എന്നായിരുന്നു അവന്‍ പറഞ്ഞത്. നസ്‌ലെനാണ് വില്ലനെന്ന് സൂര്യ സാറിനോട് പറഞ്ഞപ്പോള്‍ ‘അയാള്‍ ഈ റോളൊക്കെ ചെയ്യുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കാരണം, നസ്‌ലെനെ ഇങ്ങനെയൊരു റോളില്‍ അദ്ദേഹവും വിചാരിച്ചിട്ടില്ലായിരുന്നു. ആ ഒരു ഫ്രഷ്‌നസ്സ് സിനിമക്ക് നല്ലവണ്ണം ഗുണം ചെയ്തു,’ ജിത്തു മാധവന്‍ പറയുന്നു.

സമീപകാലത്ത് വന്നതില്‍ വെച്ച് വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നാണ് പലരും സീനിനെ വിശേഷിപ്പിക്കുന്നത്. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന്‍ എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് ചിത്രത്തിന്റെ കഥ. ഡാര്‍ക്ക് കോമഡിയും ത്രില്ലിങ്ങും ആക്ഷനുമെല്ലാം ചേര്‍ന്ന പക്കാ കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറാണ് സീന്‍.

Content Highlight: Jithu Madhavan about casting of Naslen in Scene movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more