| Friday, 15th May 2026, 1:40 pm

'മൂന്ന് ദൃശ്യത്തിലും ആ ജനൽ വളരെ പ്രധാനപ്പെട്ടതാണ് ': ജീത്തു ജോസഫ്

കെ.എസ് ഷാബിന

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്ന എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലർ ചിത്രമാണ് ദൃശ്യം. 2013 ൽ ആരംഭിച്ച ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര അവസാനമില്ലാതെ തുടരുകയാണ്. ദൃശ്യം 3 തിയേറ്ററുകളിൽ എത്തുമ്പോൾ ഇനി എന്ത് എന്ന ചോദ്യമാണ് പ്രേക്ഷകർക്ക് മുന്നിലുള്ളത്.

ദൃശ്യം 3 പ്രധാനമായും ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ഇമോഷൻസാണ് സംസാരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ഇതിനോടകം തന്നെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ സീനുകളും പ്രധാനപ്പെട്ടവയാണ്. ദൃശ്യം ഒന്നിലും രണ്ടിലും ജോർജ് കുട്ടി വരുണിന്റെ ബോഡി കുഴിച്ചിട്ട സ്ഥലത്തേക്ക് വീടിനുള്ളിലെ ജനലിലൂടെ നോക്കുന്നതായി കാണാം. ചിത്രത്തിന്റ മൂന്നാം ഭാഗത്തിലും ജോർജ് കുട്ടി ആ ജനലിലൂടെ അവിടേക്കു നോക്കുന്നതും ട്രെയ്‌ലറിയുണ്ട്.

ദൃശ്യം.Photo:Reddit

ചിത്രത്തിലെ ആ ജനൽ ഒരു പ്രധാന കഥാപാത്രമായി മാറിക്കഴിഞ്ഞു എന്നും മൂന്നു ദൃശ്യങ്ങളിലേയും ജനലിലൂടെ നോക്കുന്ന ആ സീനുകൾ ജോർജ് കുട്ടിയുടെ മൂന്നു തരം മനസികാവസ്ഥകളാണ് പ്രകടമാക്കുന്നത് എന്നുമാണ് റിപ്പോർട്ടർ ഫിലിംസ്ന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറയുന്നത്.

ആദ്യ ഭാഗത്തിൽ വരുണിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്ക് ജോർജ് കുട്ടി നോക്കി നിൽക്കുന്നത് ഏറെ വേദനയോടെയാണ്. തന്റെ മകൾ ചെയ്ത കൊലപാതകവും ഭാര്യ അത് ഒളിപ്പിക്കാൻ നടത്തിയ ശ്രമവും അവരെ ഒരു വലിയ ചതിക്കുഴിയിൽ എത്തിച്ചിരിക്കുന്നു എന്ന സത്യം അയാൾ തിരിച്ചറിയുന്നു. ഇനി ഇതിൽ നിന്ന് ഒരു രക്ഷയില്ല എന്ന നിസ്സഹായതയും ഭയവുമാണ് ആ നോട്ടത്തിൽ പ്രതിഫലിക്കുന്നത്.

ദൃശ്യം.Photo: Pen Movies

രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ, എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണ് എന്ന ചിന്ത അയാളെ വേട്ടയാടുന്നു. കാലം എത്ര കഴിഞ്ഞാലും ആ മണ്ണ് ഒരു രഹസ്യം ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന സത്യം അയാൾ മറക്കുന്നില്ല. കൂടാതെ, പൊലീസിന് കീഴടങ്ങാൻ തീരുമാനിക്കുന്ന രാത്രി മറ്റൊരു ജനലിലൂടെ ജോർജ് കുട്ടി നോക്കുന്നത് വരുൺ കൊല്ലപ്പെട്ട ആ മുറിയിലേക്കാണ്. അവിടെ ഒരു കുറ്റബോധവും കുടുംബത്തെ സംരക്ഷിക്കാനുള്ള ഒരാളുടെ ഏകാന്തമായ പോരാട്ടവും നമുക്ക് കാണാം.

ദൃശ്യം 2 ഒരു അവസാനമാണ് എന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇനി എന്ത്?” എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഓരോ ദൃശ്യം ആരാധകനും ലാലേട്ടന്റെ ജന്മദിനത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമയെ ആഗോള തലത്തിലേക്കെത്തിച്ച ജോർജുകുട്ടിയുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Jeethu joseph talks about the importance of window in Drishyam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more