| Friday, 6th November 2026, 11:24 am

ജിത്തു എന്റെ കംഫര്‍ട്ട് സോണൊന്നുമല്ല, ചെറിയൊരു പുഷ് തരാറുണ്ട്: ആറ് പാട്ടെന്നത് 16 ആവും: സുഷിന്‍ ശ്യാം

ആര്യ

‘രോമാഞ്ചം’, ‘ആവേശം’ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സംവിധായകന്‍ ജിത്തു മാധവനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും. ഇരുവരും വീണ്ടും ഒന്നിക്കുന്ന ‘സീന്‍’ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വലുതാണ്.

ജിത്തുവിനൊപ്പമുള്ള കെമിസ്ട്രിയെ കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുഷിന്‍. തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ജിത്തു തന്നെ പുഷ് ചെയ്യാറുണ്ടെന്നാണ് സുഷിന്‍ പറയുന്നു.

‘ജിത്തു എന്റെ കംഫര്‍ട്ട് സോണൊന്നുമല്ല. (ചിരി). എന്നെ കുറച്ചധികം പുഷ് ചെയ്യും. എന്റെ ഇന്‍ഹിബിഷനുകള്‍ മാറ്റിവെച്ച് കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് ചെയ്യാന്‍ പറയും. അതുകൊണ്ടുതന്നെ ഭയങ്കര ചാലഞ്ചിങ്ങായി തോന്നാറുണ്ട്. സീനും അങ്ങനെ തന്നെയായിരുന്നു. ആവേശത്തിന് വേണ്ടി ഒരു മാസത്തില്‍ എട്ട് പാട്ടുകളൊക്കെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ സീനില്‍ ഒരു മാസം കൊണ്ട് മൂന്ന് പാട്ടുകള്‍ മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷേ അവസാനം ഞാന്‍ ഹാപ്പിയാണ്,’ സുഷിന്‍ പറഞ്ഞു.

‘രോമാഞ്ചം’, ‘ആവേശം’, ‘സീന്‍’ എന്നീ സിനിമകളില്‍ ഏതാണ് ജിത്തു കൂടുതല്‍ ബുദ്ധിമുട്ടിച്ചതെന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് സുഷിന്‍ നല്‍കിയത്. ജിത്തു അങ്ങനെ ബുദ്ധിമുട്ടിക്കാറില്ലെന്നും കുറച്ചധികം പുഷ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു സുഷിന്റെ മറുപടി.

സാധാരണ സിനിമകളില്‍ പാട്ടുകളുടെ എണ്ണം തീരുമാനിക്കുന്നതിലും ജിത്തുവിന് തന്റേതായ രീതിയുണ്ടെന്നാണ് സുഷിന്‍ പറയുന്നത്. സിനിമയില്‍ ഒരു പാട്ടിന് അനുയോജ്യമായ സാഹചര്യമുണ്ടോ എന്ന് തീരുമാനിക്കുന്നത് പലപ്പോഴും താനാണ്. എന്നാല്‍ ജിത്തുവിന്റെ കണക്കില്‍ എട്ട് പാട്ടുകളെന്ന് പറഞ്ഞാല്‍ അത് പത്തോ പതിനാറോ ആയി മാറാനുള്ള സാധ്യതയുണ്ടെന്നും സുഷിന്‍ തമാശയായി പറയുന്നു.

‘എന്നത്തേയും പോലെ ആറ് പാട്ട്, എട്ട് പാട്ട് എന്നൊക്കെ പറയും. അത് പതിനാറാകും. അടുത്തത് മിക്കവാറും നാല്‍പ്പതാകും,’ സുഷിന്‍ പറഞ്ഞു.

‘സീന്‍ എനിക്ക് ഏറെ പ്രത്യേകതകളുള്ള സിനിമയാണ്. ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അതും സൂര്യ നായകനാകുന്ന സിനിമയാണെന്നത് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങളെല്ലാം സന്തോഷകരമായിരുന്നു. സിനിമ കണ്ടപ്പോഴും എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് തോന്നി,’ സുഷിന്‍ ശ്യാം പറഞ്ഞു.

ചിത്രത്തിലെ ചില ഗാനങ്ങള്‍ തമിഴില്‍ ചിന്തിച്ചുകൊണ്ടുതന്നെ ഒരുക്കേണ്ടി വന്നതും പുതിയ അനുഭവമായിരുന്നെന്നും പാട്ടുകളുടെ എണ്ണത്തിനപ്പുറം അവയുടെ ദൈര്‍ഘ്യവും ഉപയോഗിക്കുന്ന സാഹചര്യവുമാണ് പ്രധാനമെന്നും സുഷിന്‍ പറയുന്നു.

Content Highlight: Jithu Is Not Exactly in My Comfort Zone; He Pushes Me a Little Sushin Shyam

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more