| Sunday, 10th August 2025, 7:22 am

മമ്മൂക്കയും വിനായകന്‍ ചേട്ടനും സഹകരണത്തോടെയാണ് നിന്നത്; ആ കാര്യത്തില്‍ ബുദ്ധിമുട്ടിയില്ല: ജിതിന്‍ കെ.ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി വില്ലനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിനായകനാണ് സിനിമയില്‍ നായകനായെത്തുന്നത്. ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്.

ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പിന്റെ തിരക്കഥയൊരുക്കിയത് ജിതിനാണ്. തിരക്കഥാകൃത്തായി സിനിമയിലേക്ക് വന്നത് സംവിധാനത്തിലേക്ക് എത്താനുള്ള ആദ്യപടിയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജിതിന്‍ കെ.ജോസ്

‘എഴുത്തിനോടുള്ള താത്പര്യം കൊണ്ടാണ് തിരക്കഥയെഴുതിയത്. എന്നാല്‍, ലക്ഷ്യം സിനിമാ സംവിധാനമായിരുന്നു. സംവിധായകനാകുമ്പോള്‍ ആ സിനിമയുടെ മൊത്തം ചുമതല അവരുടേതാണ്. ഒപ്പം മനസിലുള്ള രീതിയില്‍ സിനിമ നിര്‍മിക്കുകയും വേണം. അതിലേക്കുള്ള ആദ്യപടിയായിരുന്നു എഴുത്ത്. തിരക്കഥ ചെയ്ത അനുഭവപരിചയം സംവിധാനം ചെയ്യാന്‍ സഹായിച്ചു.

ഏതൊരു സംവിധായകനും അടിസ്ഥാനപരമായുണ്ടാകേണ്ട ഗുണങ്ങളിലൊന്നാണ് തിരക്കഥയെ മൂല്യനിര്‍ണയം നടത്തുക എന്നത്. തിരക്കഥ എഴുതുക കൂടിയാകുമ്പോള്‍ അത് കുറെക്കൂടി ഗുണംചെയ്യും. കഥാപാത്രങ്ങളെക്കുറിച്ചും കഥാഗതിയെക്കുറിച്ചും കൃത്യമായി മനസിലാക്കാനുള്ള ഇടംകൂടി ലഭിക്കുന്നു,’ ജിതിന്‍ പറയുന്നു.

തിരക്കഥാകൃത്ത് എന്ന നിലയില്‍ക്കൂടി സിനിമയില്‍ പങ്കുചേരാന്‍ കഴിയുന്നത് സിനിമയെന്ന പ്രോസസില്‍ കൃത്യമായി ഇടപെടാനും, മൂല്യനിര്‍ണയം നടത്തി മുന്നോട്ടുപോകാനും എളുപ്പമാകുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളങ്കാവല്‍ താന്‍ തന്നെ സംവിധാനം ചെയ്യാം എന്ന ചിന്തയില്‍ തന്നെയാണ് താനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയതെന്നും ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നതിനാല്‍ അതിന്റേതായ ഉത്കണ്ഠയും പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ടാകുമെന്നും ജിതിന്‍ പറയുന്നു.

‘അത് സ്വാഭാവികമാണ്. എന്നാല്‍, ഈ തീരുമാനം കൊണ്ട് എനിക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. മമ്മുക്കയും വിനായകന്‍ ചേട്ടനും പ്രൊഡക്ഷന്‍ കമ്പനിയും സഹകരണത്തോടെയാണ് നിന്നത്,’ജിതിന്‍ പറഞ്ഞു.

Content highlight: Jithin.K. Jose talks about his transition from screenwriter to director

We use cookies to give you the best possible experience. Learn more