മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ ചെയ്തയാളാണ് റാഫി. സുഹൃത്തായ മെക്കാര്‍ട്ടിനോടൊപ്പം പുതുക്കോട്ടയിലെ പുതുമണവാളന് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക് എത്തിയത്. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു തുടങ്ങി മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുകയും അനിയന് ബാവ ചേട്ടന് ബാവ, മായാവി, വണ്മാന് ഷോ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്ത ഈ കോമ്പോ 2014ല്‍ പിരിഞ്ഞിരുന്നു. പിന്നാലെ അഭിനയത്തിലും റാഫി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
റാഫി, മെക്കാര്‍ട്ടിനോടൊപ്പം. Photo: Mazhavil Manorama/ Youtube.com
ജിതിന് കെ.ജോസ് സംവിധാനം ചെയ്ത് ഡിസംബര്‍ 3ന് റിലീസിനൊരുങ്ങുന്ന മായന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ജിതിനൊപ്പം ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത് റാഫിയാണ്. ബ്ലാക്ക് മാജിക്കിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ഭയപ്പെടുത്തുന്ന വിധത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള റാഫിയുമായി ചേര്‍ന്ന് മായന്റെ തിരക്കഥ ഒരുക്കിയതിനെ കുറിച്ച് പറയുന്ന ജിതിന് കെ. ജോസിന്റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചിത്രത്തിന്റെ തിരക്കഥയില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ഒരു ഘട്ടത്തില്‍ എവിടെയെങ്കിലും നമുക്ക് ഹ്യൂമര്‍ കൊണ്ടുവരാനുള്ള സാധ്യതയുണ്ടോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷേ പുള്ളി തന്നെയാണ് അതിനെ നിരാകരിച്ചത്. നമുക്ക് എല്ലാം ചിന്തിക്കാന്‍ സാധിക്കുന്നതിനെക്കാള്‍ കൂടുതല്‍, പല തലമുറയിലുള്ള ആള്‍ക്കാരുമായി വര്‍ക്ക് ചെയ്ത അനുഭവ സമ്പത്തുള്ള ആളാണ് അദ്ദേഹം. അതേസമയം ഇപ്പോഴും ക്രിയേറ്റീവായിരിക്കുന്ന ആളാണ്.
മായന്‍. Photo: Universal Music South
നമുക്കൊന്നും പരിചയമില്ലാത്ത ഒരു ലോകത്തെ പറ്റിയും ഇതുപോലത്തെ കഥാപാത്രങ്ങളെ കുറിച്ചും സൂപ്പര്‍ നാച്ച്വറല്‍ എലമെന്റ്സ് കൊണ്ട് നടക്കുന്ന ആള്‍ക്കാരെയും കഥകളെയും കുറിച്ച് ഒരുപാട് അറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ നമ്മള് പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനെ പറ്റിയും അദ്ദേഹത്തിന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. ഇപ്പോഴും പുതിയ പുതിയ സിനിമകള്‍ കണ്ട് അപഡേറ്റഡ് ആയി നില്ക്കാന് അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് ഒരു ക്രിയേറ്റീവ് ആസ്പെക്ടില്‍ രസമുള്ള എക്സ്പീരിയന്‍സായിരുന്നു അദ്ദേഹത്തോടൊപ്പം,’ ജിതിന് പറഞ്ഞു.
Content Highlight: Jithin K Jose talks about his experience of working with director Rafi In Mayan movie