ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനം കളങ്കാവലില്‍ കാണാനാകുമെന്ന് ഉറപ്പാണ്.
ആദ്യചിത്രത്തില്‍ തന്നെ മമ്മൂട്ടിയെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തിയ അനുഭവം പങ്കുവെക്കുകയാണ് ജിതിന്‍ കെ. ജോസ്. ജീവിതത്തിലെ ഏറ്റവും വലിയ സര്‍റിയല്‍ മൊമന്റായിരുന്നു അതെന്ന് ജിതിന്‍ പറഞ്ഞു. ടെന്‍ഷനുണ്ടായിരുന്നെങ്കിലും ആ സമയത്ത് അത് മാറിയെന്നും ഷൂട്ട് താന്‍ പരമാവധി ആസ്വദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അധികം സിനിമകളില്‍ അസിസ്റ്റന്റായി നിന്നിട്ടില്ല. പക്ഷേ, മമ്മൂക്ക എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആദ്യത്തെ ദിവസം മനസിലായി. അദ്ദേഹം ഓരോരുത്തരെയും കറക്ടായി നിരീക്ഷിക്കും. അത് വെച്ചാണ് പുള്ളിക്ക് നമ്മളെക്കുറിച്ച് ക്ലിയറായിട്ടുള്ള പിക്ചര്‍ കിട്ടുക. ആദ്യത്തെ ഷോട്ട് മമ്മൂക്കയെ വെച്ചാണ് എന്ന് ആലോചിച്ചുകൊണ്ടുള്ള ആങ്‌സൈറ്റിയൊന്നും ഉണ്ടായിരുന്നില്ല,’ ജിതിന്‍ കെ. ജോസ് പറയുന്നു.
മമ്മൂട്ടിയെന്ന നടന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാണ് ഈ സിനിമയിലെന്നും കഥ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന് അക്കാര്യം മനസിലായെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. കഥയിലുണ്ടാകുന്ന സംശയങ്ങള്‍ തന്നോട് ചോദിക്കാന്‍ മമ്മൂട്ടി ഒരിക്കലും മടിച്ചില്ലെന്നും സിനിമയോടുള്ള പാഷനാണ് അദ്ദേഹത്തെക്കൊണ്ട് അതെല്ലാം ചെയ്യിക്കുന്നതെന്നും ജിതിന്‍ പറഞ്ഞു.
‘ഈ സിനിമയില്‍ ഏറ്റവും വലിയ റിസ്‌ക് എടുക്കുന്നത് മമ്മൂക്കയാണ്. കാരണം, ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുക, ഷൂട്ട് ചെയ്യുക തുടങ്ങിയ പണികളാണ് മറ്റ് പലര്‍ക്കും. എന്നാല്‍ ഇത്തരമൊരു കഥാപാത്രം ഓഡിയന്‍സ് എങ്ങനെ സ്വീകരിക്കും എന്നുള്ള ടെന്‍ഷനും അതുപോലെ, ഇതിന്റെ നിര്‍മാണവും അദ്ദേഹമാണ് ചെയ്യുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ റിസ്‌ക് ഒന്നുമല്ല,’ ജിതിന്‍ പറഞ്ഞു.
വിനായകന്‍ നായകനായും മമ്മൂട്ടി വില്ലനായും വേഷമിടുന്ന ചിത്രമാണ് കളങ്കാവല്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സയനൈഡ് മോഹന്റെ കഥയാണ് ചിത്രം പറയുന്നതെന്ന റൂമറുകള്‍ സംവിധായകന്‍ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറില്‍ കളങ്കാവല്‍ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Jithin K Jose shares the shooting experience with Mammootty in Kalamkaaval movie