തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തെ കുറിച്ച് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളായിരുന്നു.
ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കളങ്കാവല്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍ കെ.ജോസ്.
കളങ്കാവല്‍/ Theatrical poster
‘മമ്മൂക്ക ഇതുവരെ ചെയ്ത കഥാപാത്രങ്ങളോട് സാദൃശ്യം തോന്നരുത് എന്നൊരു മുന്‍വിധിയോടെ എഴുത്തിനെയോ കഥാപാ്രതത്തിനെയോ സമീപിച്ചിട്ടില്ല. ഇതുവരെ ചെയ്യാത്ത ഒരു ഷേയ്ഡ് ഉള്ള കഥാപാത്രം തന്നെയാണ് മമ്മൂക്ക കളങ്കാവലില്‍ ചെയ്യുന്നത്. അതില്‍ മറ്റ് ജസ്റ്റിഫിക്കേഷനും കാര്യങ്ങളും ഒന്നുമില്ല. പ്ലേയ്‌നിലി ആ കഥാപാത്രം അങ്ങനെ തന്നെയാണ്.
മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ആ കഥാപാത്രം വളരെ ജെന്റിലായിട്ടുള്ള ശാന്ത സ്വഭാവമുള്ള ഒരാളാണ്. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഉള്ളിലാണ് അല്ലെങ്കില്‍ ഇന്നര്‍ തോട്ട്‌സിലാണ് യഥാര്‍ത്ഥ ക്യാരക്ടര്‍ ഇരിക്കുന്നത്,’ ജിതിന്‍ പറയുന്നു.
അദ്ദേഹത്തിന്റെ നെഗറ്റീവ് ഓറ ഉള്ളിലാണ് ഇരിക്കുന്നതെന്നും പുറത്ത് മറ്റൊരു ഓറയാണ് ക്യാരി ചെയ്യുന്നതെന്നും ജിതിന്‍ പറഞ്ഞു. യഥാര്‍ത്ഥ സ്വഭാവം എന്തായാലും സിനിമയില്‍ ഒരു പോയിന്റില്‍ പുറത്തേക്ക് വരുമെന്നും ഇതെല്ലാം ചെയ്യുന്നത് മമ്മൂട്ടിയെന്ന മഹാനടനാകുമ്പോള്‍ സ്വാഭാവികമായും ഒരു പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതില്‍ ഒരു വ്യത്യസ്തത ഉണ്ടാകുമെന്ന ചിന്ത തങ്ങള്‍ക്ക് ആദ്യമേ ഉണ്ടായിരുന്നുവെന്നും അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ കഥയെഴുതിയ ജിതിന്‍കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Jithin K. Jose says There was no prejudice in Kalamkaval that Mammootty should not resemble the characters he has played so far