| Sunday, 14th December 2025, 8:46 am

വില്ലനാണെങ്കിലും മമ്മൂക്കയുടെ കൂടെ നില്‍ക്കാനുള്ള പ്രേരണ മറ്റുള്ളവരില്‍ ഉണ്ടായിരുന്നു, ആ നിമിഷത്തില്‍ അത് ബ്രേക്ക് ആയി: ജിതിന്‍ കെ.ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കളങ്കാവലില്‍ മമ്മൂട്ടിയുടെ കഥാപാത്രം വില്ലനാണെന്ന് അറിയുമ്പോള്‍ പോലും അദ്ദേഹത്തോടൊപ്പം നില്‍ക്കാനുള്ള ഒരു പ്രേരണ പ്രേക്ഷകരില്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ജിതിന്‍ കെ.ജോസ്.

എന്നാല്‍ സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും അതില്‍ മാറ്റം വന്നുവെന്നും മമ്മൂട്ടിയുടെ സ്റ്റാര്‍ഡത്തിനപ്പുറം കഥാപാത്രമായി അവര്‍ ഉള്‍ക്കൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിവുഡ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ജിതിന്‍ കെ.ജോസ്.

മമ്മൂട്ടി. Photo: screen grab/ mammootty kampany/ youtube.com

‘സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പരിപാടികളൊക്കെ നടക്കുമ്പോള്‍ ടീമിലുള്ള ഒരുപാട് പേര്‍ സിനിമ കാണും. ആ സമയത്ത് ചിലരൊക്കെ പറഞ്ഞിരുന്നു, അവസാനം ആകുമ്പോഴും മമ്മൂക്കയുടെ കൂടെ തന്നെ നില്‍ക്കാനുള്ള ഒരു ത്വരയാണ് ഉള്ളത് എന്ന്. നമ്മള്‍ ജനിച്ച കാലഘട്ടം മുതല്‍ നമ്മളുടെ മനസില്‍, ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാളാണ് മമ്മൂക്ക.

ആ സ്റ്റാര്‍ഡം എന്ന സംഗതി ഒരു റിയാലിറ്റിയാണ്. ആ പദവിയാണ് കോണ്‍ഷ്യസ്‌ലി നമ്മുക്ക് അദ്ദേഹത്തിനൊപ്പം നില്‍ക്കാനുള്ള ഒരു ആഗ്രഹം ജനിപ്പിക്കുന്നത്. അത് തിയേറ്ററില്‍ ടാക്കിള്‍ ആകുമോ ഇല്ലയോ എന്ന് സംശയമായിരുന്നു,’ ജിതിന്‍ കെ. ജോസ് പറയുന്നു.

കളങ്കാവലിന്റെ ആദ്യ ഷോ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം കണ്ടപ്പോഴാണ് അത് ബ്രേക്ക് ആയെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും കഥാപാത്രത്തെ ആ കഥാപാത്രമായി തന്നെയാണ് അവര്‍ ഉള്‍ക്കൊണ്ടതെന്നും ജിതിന്‍ പറഞ്ഞു.

കൈയടിച്ച നിമിഷത്തില്‍ തന്നെ ആളുകളുടെ മനോഭാവം മാറിയെന്ന ബോധ്യമുണ്ടായെന്നും സിനിമയുടെ തുടക്കത്തില്‍ അങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ പോലും മമ്മൂട്ടിയുടെ ഒപ്പമാണ് ആളുകള്‍ നിന്നതെന്നും, അവസാനം അത് നേരേ മാറിയെന്നും അദ്ദേഹം പറഞ്ഞു. അത് സിനിമയുടെ വിജയമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്തായ ജിതിന്‍.കെ.ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവല്‍. വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനായും എത്തിയ ചിത്രം തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ്. റിലീസായി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 67 കോടിക്ക് മുകളില്‍ കളക്ഷനാണ് കളങ്കാവല്‍ സ്വന്തമാക്കിയത്.

Content Highlight: Jithin k. jose says Even though he was a villain, others were motivated to stand by Mammootty

We use cookies to give you the best possible experience. Learn more