| Wednesday, 3rd December 2025, 8:29 pm

ദേവാസുരന്മാര്‍ ആരൊക്കെയെന്നത് തിയേറ്ററില്‍ മാത്രം ചുരുളഴിയുന്ന സസ്പെന്‍സാണ്: ജിതിന്‍ കെ.ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല കാലങ്ങളിലായി പല സ്ഥലങ്ങളില്‍ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് കളങ്കാവലെന്ന് സംവിധായകന്‍ ജിതിന്‍ കെ.ജോസ്. അതിനാല്‍ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജിതിന്‍ കെ.ജോസ്. കളങ്കാവല്‍ എന്ന ടൈറ്റിലില്‍തന്നെ മിത്തും യാഥാര്‍ത്ഥ്യവുമുണ്ടെന്നും രൗദ്രസ്വഭാവമുള്ള പ്രതിഷ്ഠകളെ ആവാഹിക്കുന്ന തെക്കന്‍ തിരു വിതാംകൂറിലെ ഉത്സവച്ചടങ്ങാണ് കളങ്കാവലെന്നും ജിതിന്‍ പറഞ്ഞു.

Kalamkaval/ Theatrical poster

‘കളത്തില്‍ ദേവി, അസുരരെ തിരഞ്ഞുപിടിച്ച് നിഗ്രഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്. തിന്മയുടെമേല്‍ നന്മയുടെ പോരാട്ടം. ഇതെല്ലാം ചിത്രത്തിലും ലയിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദേവാസുരന്മാര്‍ ആരൊക്കെ എന്നത് തിയേറ്ററില്‍ മാത്രം ചുരുളഴിയുന്ന സസ്‌പെന്‍സായിട്ടാണ് ചിത്രത്തിന്റെ ശില്പികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രതിനായക ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കഥാപാത്രം നെഗറ്റീവോ പോസിറ്റീവോ എന്നത് സിനിമയ്ക്ക് മാത്രമേ പറയാന്‍ കഴിയൂ,’ ജിതിന്‍ കെ.ജോസ് പറയുന്നു.

നെഗറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകുമെന്നും തങ്ങള്‍ എഴുതി വെച്ചതിനെക്കാള്‍ ഞെട്ടിക്കുന്ന പ്രകടനവുമായാണ് മമ്മൂട്ടിയും വിനായകനും സ്‌ക്രീനില്‍ എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു ജിതിന്‍ കെ. ജോസ് പറഞ്ഞു.

ജിതിന്‍ കെ.ജോസിന്റ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content  Highlight: Jithin K. Jose on the movie Kalamkaaval and Mammootty’s character

Latest Stories

We use cookies to give you the best possible experience. Learn more