| Wednesday, 21st January 2026, 4:44 pm

ലോകകപ്പ് ടീമില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ മരവിച്ചുപോയി; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ദിവസങ്ങളുടെ മാത്രമാണുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിലെ ആദ്യ മത്സരം. ഇതോടെ ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളും താരങ്ങളും.

മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ തന്നെ സ്‌ക്വാഡില്‍ എടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജിതേഷ് ശര്‍മ.

ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവരം അറിയില്ലായിരുന്നുവെന്ന് ജിതേഷ് ശര്‍മ പറഞ്ഞു. ശേഷം സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിശദീകരണം നല്‍കിയെന്നും അത് ന്യായമാണെന്ന് തോന്നിയെന്നും ജിതേഷ് പറഞ്ഞു. മാത്രമല്ല സ്‌ക്വാഡിലില്ലെന്ന് അറിഞ്ഞപ്പോള്‍ താന്‍ മരവിച്ചുപോയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജിതേഷ് ശര്‍മ

‘ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ എന്നെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവരം അറിയില്ലായിരുന്നു. ശേഷം പുറത്താക്കിയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തോട് ഞാന്‍ യോജിച്ചു. അതൊരു ന്യായമായ കാര്യമാണെന്ന് എനിക്ക് തോന്നി.

പിന്നീട് പരിശീലകരുമായും സെലക്ടര്‍മാരുമായും ഞാന്‍ ചര്‍ച്ച നടത്തി. അവര്‍ എനിക്ക് കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ച് തന്നു. ടി-20 ലോകകപ്പില്‍ കളിക്കാന്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തതിനാല്‍ എനിക്ക് വലിയ വിഷമമായിരുന്നു. ഇത് വിധിയാണ്. ആ നിമിഷം ഞാന്‍ മരവിച്ചുപോയി,’ ജിതേഷ് ശര്‍മ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി-20), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്

Content Highlight: Jitesh Sharma reacts to not being included in the T-20 World Cup squad

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more