| Thursday, 26th May 2016, 9:30 am

ജിഷ കൊലപാതകം; ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കും; ആരോപണം നിഷേധിച്ച് തങ്കച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കും.  പെരുമ്പാവൂരിലെ യുഡിഎഫിന്റെ വിജയത്തില്‍ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികളാണ് ആരോപണത്തിന് പിന്നില്‍.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും തങ്കച്ചന്‍ ആരോപിച്ചു.ജിഷയുടെ അമ്മ രാജേശ്വരിയെ തനിക്ക് അറിയില്ല. അവര്‍ തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ ആരോപിക്കുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണ്. ജിഷയുടെ അമ്മയെയോ ജിഷയെയോ തനിക്ക് അറിയില്ല. തന്റെ വീട്ടില്‍ അവരാരും വന്നിട്ടുമില്ല.

എന്റെ ജീവിതത്തിനിടയില്‍ ആദ്യമായാണ് കൊലപാതകക്കേസില്‍ ആരോപണം കേള്‍ക്കുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.

ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നെന്നും ഈ നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നുമായിരുന്നു പിണറായി വിജയന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നത്.

അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ ഏപ്രില്‍ മാസം 28ാം തിയതി അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. .ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ് നേതാവാണ് കുറുപ്പുംപടി എസ്‌ഐയും സിഐയും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചതെന്നും അതിനാല്‍ പ്രാഥമിക അന്വേഷണ സംഘം മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ജോമോന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more