കോഴിക്കോട്: യു.ഡി.എഫ് ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ എഴുത്തുകാരി ജിസ ജോസ്.
ആണ്‍കുട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പെണ്ണുങ്ങളോട് വോട്ടു ചോദിക്കരുതെന്ന് ജിസ ആവശ്യപ്പെട്ടു. ഇനി വോട്ട് തന്നാലും വാങ്ങരുതെന്നും അവരുടെ വോട്ടില്ലാതെ വേണം നിര്‍ദിഷ്ട ആണ്‍സര്‍ക്കാര്‍ ഉണ്ടാക്കാനെന്നും അതല്ലേ ഹീറോയിസമെന്നും ജിസ ജോസ് ചോദിക്കുന്നു.
പഴയകാലത്തുനിന്നും ഇന്നും വണ്ടി കിട്ടാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ജിസ വിമര്‍ശിച്ചു.
‘പണ്ട് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഏര്‍പ്പെടുത്തണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു ആണ്‍നേതാവ് അതു വിലക്കിയെന്നും കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും അതാഗ്രഹിക്കുന്നില്ല, അവര്‍ ഗൃഹലക്ഷ്മിമാരാണ് എന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കള്‍’ ജിസ ഫേസ്ബുക്കില്‍ കുറിച്ചു:
ജിസ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അപ്പോ പെണ്ണുങ്ങളോട് വോട്ടു ചോദിക്കരുത്,തന്നാലും വാങ്ങുകയുമരുത്. അവരുടെ വോട്ടില്ലാതെ വേണം നിര്‍ദ്ദിഷ്ട ആണ്‍സര്‍ക്കാര്‍ ഉണ്ടാക്കാന്‍. അതല്ലേ ഹീറോയിസം!
(പണ്ട് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഏര്‍പ്പെടുത്തണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടപ്പോള്‍ ഇവിടത്തെ ഒരു ആണ്‍നേതാവ് അതു വിലക്കിയതായും കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും അതാഗ്രഹിക്കുന്നില്ല, അവര്‍ ഗൃഹലക്ഷ്മിമാരാണ് എന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കള്‍)
കഴിഞ്ഞദിവസമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കെ.സി വേണുഗോപാല്‍ ലിംഗ നീതിക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയത്. അടുത്ത സര്‍ക്കാര്‍ ആണ്‍കുട്ടികള്‍ രൂപീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞതാണ് വിവാദമായത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനെതിരെ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. ഈ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടിയാണ്.
യു.ഡി.എഫ് വന്നാല്‍ എല്ലാം നടപ്പിലാക്കുമെന്ന് ഇടതുപക്ഷത്തിനറിയാം അതുകൊണ്ടാണ് പ്രഖ്യാപനങ്ങള്‍. അടുത്ത തവണ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന് അവര്‍ക്കറിയാമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു.
അതേസമയം, ‘ആണ്‍കുട്ടികള്‍ ഭരിക്കും’ എന്ന പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിനെയും ഇതിനെതിരെ പ്രതികരണം നടത്താത്ത യു.ഡി.എഫിലെ വനിതാനേതാക്കളെയും വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് കെ.കെ ഷൈലജയും രംഗത്തെത്തിയിരുന്നു.
വേണുഗോപാലിന്റെ പ്രസ്താവനയിലൂടെ പുരോഗമന സമൂഹത്തില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അയോഗ്യരായവരാണ് യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞെന്ന് കെ.കെ ഷൈലജ വിമര്‍ശിച്ചിരുന്നു.
ഇതിനോടുള്ള വനിതാ നേതാക്കളുടെ മൗനം കോണ്‍ഗ്രസിന്റെ ലിംഗ നീതിയെ സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണെന്നും കെ.കെ. ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: A male government should be formed without women’s votes; Isn’t that heroism: Jisa Jose to Congress and KC Venugopal