മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ജിസ് ജോയ്. കേരളത്തില്‍ വലിയ ഫാന്‍ബേസുള്ള അല്ലു അര്‍ജുന് ശബ്ദം നല്‍കി ശ്രദ്ധിക്കപ്പെട്ട ജിസ്, 2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഫീല്‍ ഗുഡ് ഴോണറില്‍ ജിസ് ജോയ് ഒരുക്കിയ പല ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഇക്കൂട്ടത്തില്‍ പെടുന്നവയാണ്.
ജിസ് ജോയ്. Photo: Screen Grab/ Happy Frames/ Youtube.com
ആസിഫിനെ തന്നെ നായകനാക്കി സംവിധാനം ചെയ്യുന്ന കോട്ടയം ബെല്‍റ്റാണ് ജിസ് ജോയിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. താരത്തിനൊപ്പം ജിസ് ജോയ് വര്‍ക്ക് ചെയ്യുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും കോട്ടയം ബെല്‍റ്റിനുണ്ട്. ഇപ്പോഴിതാ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ കുറിച്ച് ജിസ് ജോയ് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ജിസിന്റെ പ്രതികരണം.
മോഹന്‍ലാലിനൊപ്പം ഒരു പരസ്യചിത്രം സംവിധാനം ചെയ്യുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് ജിസ് സംസാരിച്ചത്. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് കാണിക്കാതെ എങ്ങനെയാണ് മോഹന്‍ലാല്‍ പെരുമാറുന്നത് എന്നതിനെ കുറിച്ചാണ് ജിസ് ജോയ് സംസാരിച്ചത്.
‘ലാല്‍ സാറിനെ വെച്ച് അമ്പത്തിരണ്ടോളം ആഡ് ഫിലിംസ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിക്കുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. ഒരാളെ വേദനിപ്പിക്കാതെ എങ്ങനെ നോ പറയാം, എങ്ങനെ മറ്റുള്ളവരോട് സൗമ്യമായി ഇടപഴകാം എന്ന് പറയുന്ന സംഗതി ഭയങ്കരമാണ്. അദ്ദേഹത്തിന്റെ ഒപ്പം ആദ്യമായി വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. ചേര്‍ത്തലയിലായിരുന്നു ഷൂട്ടിങ്.
ഒരു ദിവസം രാത്രി എട്ട് മണി വരെ ഷൂട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു അഞ്ച് മണിയായപ്പോള്‍ ലാല്‍ സാര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, കൊച്ചിയില്‍ ഒരു അവാര്‍ഡ് നൈറ്റ് ഉണ്ട് വരില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അത്രയും വേണ്ടപ്പെട്ട ആള്‍ വിളിച്ച് വരാമോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പോവാതിരിക്കാന്‍ പറ്റാത്ത പരിപാടിയാണ് എന്ത് ചെയ്യും ബുദ്ധിമുട്ടാവുമോ എന്ന് എന്നോട് ചോദിച്ചു. സാറില്ലാതെ മറ്റൊന്നും ഷൂട്ട് ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍, ഞാനെന്ത് ചെയ്യും എന്നാണ് ലാലേട്ടന്‍ എന്നോട് ചോദിച്ചത്.
ജിസ് ജോയിയും കുടുംബവും മോഹന്‍ലാലിനൊപ്പം. Photo: X.com
സാര്‍ ഉറപ്പായിട്ടും പോകണം സാര്‍ എന്നും നാളെ ഒരു ദിവസം കൊണ്ട് നമുക്ക് ഇത് പാച്ച് ചെയ്‌തെടുക്കാമെന്നും ഞാന്‍ പറഞ്ഞു. അല്ലാതെ ഒരിക്കലും അദ്ദേഹത്തോട് പോകേണ്ടെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. പകരം നാളെ എത്ര വൈകി വേണമെങ്കിലും ഞാന്‍ നില്‍ക്കാം, അതുപോലെ എത്ര നേരത്തേ വേണമെങ്കിലും വരാമെന്നും നാളെ എപ്പോള്‍ വരണമെന്നും എന്നോട് ചോദിച്ചു. ഒരു എട്ട് മണി ഓക്കെ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഏഴരയ്‌ക്കെത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെല്ലാം കൊണ്ടാണ് അദ്ദേഹത്തിന് ഇന്നും അഭിനയിക്കാന്‍ സാധിക്കുന്നത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy talks about his experience with Mohanlal