| Wednesday, 16th July 2025, 9:32 am

കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് ശബ്ദം നല്‍കിയത് ഞാന്‍: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് ജിസ് ജോയ്. അല്ലു അര്‍ജുനെ മല്ലു അര്‍ജുന്‍ ആക്കിയതില്‍ ജിസ് ജോയിയുടെ പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ അല്ലു അര്‍ജുന് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.

‘ആര്യയില്‍ അല്ലുവിന് ഡബ്ബ് ചെയ്യാന്‍ വിളിക്കുമ്പോള്‍, എനിക്ക് ഈ ഡബ്ബിങ് പടങ്ങള്‍ ചെയ്തതിന്റെ എക്സ്പീരിയെന്‍സ് ഒന്നുമില്ലായിരുന്നു. അതിനാല്‍ തന്നെ കുറേ സമയമെടുത്താണ് ഞാന്‍ ആര്യ പൂര്‍ത്തിയാക്കിയത്. ആ സമയത്ത് ഞാന്‍ ഫുള്‍ടൈം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. ഏഴോളം സീരിയലുകളിലെ നായകന്മാര്‍ക്ക് ശബ്ദം നല്‍കുന്നുണ്ടായിരുന്നു.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ മണിക്കുട്ടന് ശബ്ദം നല്‍കിയതും ഞാനായിരുന്നു. ആ സെയിം വോയിസ് ആണ് ഞാന്‍ ആദ്യം ആര്യയ്ക്കുവേണ്ടി കൊടുത്തത്. പക്ഷേ അത് ശരിയായില്ല. അതില്‍ കുറേ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. തിരുവനന്തപുരത്ത് ശ്രീമൂവീസ് തിയേറ്ററില്‍ പോയി, അവിടെയായിരുന്നു ഡബ്ബിങ്. മൂന്നുദിവസം കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയുമൊക്കെയാണ് ആ പടം പൂര്‍ത്തിയാക്കിയത്.

പക്ഷേ കഷ്ടപ്പാടിന് ഫലമുണ്ടായി. ആര്യ കേരളത്തില്‍ വലിയ ഹിറ്റായി മാറി. അല്ലുവിന്റെ രണ്ട് പടത്തിന് ഡബ്ബ് ചെയ്തതിന് ശേഷമാണ് ഞാന്‍ അല്ലുവിനെ നേരില്‍ കാണുന്നത്. അല്ലുവിന്റെ പടങ്ങള്‍ കേരളത്തില്‍ ഹിറ്റായി തുടങ്ങിയതോടെ പ്രമോഷനും മാര്‍ക്കറ്റിങ്ങിനുമൊക്കെ വരാന്‍ തുടങ്ങി.

ആ സമയത്ത്, അല്ലു അര്‍ജുന്‍ പടങ്ങളെ കേരള മാര്‍ക്കറ്റിന് പരിചയപ്പെടുത്തിയ പ്രൊഡ്യൂസര്‍ ഖാദര്‍ ഹസന്‍ ആണ്. എന്നെ ഇവന്റിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹംതന്നെ എന്നെ നേരിട്ട് അല്ലുവിന് പരിചയപ്പെടുത്തി തരുകയും ചെയ്തു. മലയാളികളില്‍ പലരും അല്ലു സംസാരിക്കുന്നത് മുമ്പ് അധികം കേട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അല്ലു എന്ന് ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് എന്റെ ശബ്ദമാണ് ഓര്‍മ വരിക.

കുറേനാള്‍ സിനിമകളില്‍ അല്ലുവിന്റെ ശബ്ദം എന്റെ ശബ്ദമായിരുന്നു. പിന്നീട് അല്ലു അഭിമുഖങ്ങളിലും മറ്റും സംസാരിക്കുന്നത് കേട്ടിട്ട് ഇതെന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ച ആളുകളുണ്ട്. അവര്‍ക്കത് പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റില്ല. തിരിച്ചും രസകരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഫോണിലൊക്കെ സംസാരിക്കുമ്പോള്‍ ഇതെന്താ അല്ലു അര്‍ജുന്റെ വോയിസ് എന്ന് അമ്പരക്കുന്നവരുമുണ്ട്,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talks About Dubbing For Allu Arjun

We use cookies to give you the best possible experience. Learn more