ഡബ്ബിങ് ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് ഇന്ന് മോളിവുഡിലെ മികച്ച സംവിധായകരിലൊരാളായി മാറിയിരിക്കുകയാണ് ജിസ് ജോയ്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ജിസ് ജോയ് ബൈസക്കിള്‍ തീവ്‌സിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ ജിസ് അണിയിച്ചൊരുക്കി.
അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് ജിസ് ശ്രദ്ധ നേടിയത്. കഴിഞ്ഞദിവസം അല്ലു അര്‍ജുന്‍ നായകനായ ഹാപ്പി റീ റിലീസിന്റെ പ്രസ് മീറ്റ് നടന്നിരുന്നു. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ശബ്ദം നല്‍കിയ അനുഭവവും ഖാദര്‍ ഹസ്സന്‍ എന്ന നിര്‍മാതാവ് ഓരോ സിനിമയെയും സമീപിക്കുന്ന രീതിയെക്കുറിച്ചും ജിസ് സംസാരിച്ചിരുന്നു.
ജിസ് ജോയ് Photo: Screen grab/ Mabstickwoods
ഇന്ത്യയില്‍ മറ്റേത് ഇന്‍ഡസ്ട്രിയെക്കാളും വ്യത്യസ്തമായതും മികച്ചതുമാണ് മലയാളസിനിമയെന്ന് പറയുകയാണ് ജിസ് ജോയ്. ഇവിടെ ഉണ്ടാകുന്ന സിനിമകളും അത് ഉണ്ടാക്കുന്ന സംവിധായകരും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സിനിമകള്‍ അത്തരത്തില്‍ ശ്രദ്ധ നേടുന്നത് മലയാളസിനിമയെ സംബന്ധിച്ച് നല്ല കാര്യമാണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
‘മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരെല്ലാം സ്വപ്‌നം കാണുന്ന സ്ഥലമാണ് കേരളം. ഇവിടെ നമുക്ക് എന്ത് കഥയും സിനിമയാക്കാം. താരങ്ങളുടെ ആവശ്യമില്ല. കണ്ടന്റിന് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു ഇന്‍ഡസ്ട്രി വേറെയുണ്ടോ എന്ന് സംശയമാണ്. ഇപ്പോള്‍ ഈ പരിപാടിക്ക് വരുന്നതിന് മുമ്പ് ബാലന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടു.
എന്ത് കിടിലന്‍ പരിപാടിയാണ് ആ സിനിമ. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ നമുക്ക് ഒരു ഹൈപ്പ് കിട്ടി. ഒന്ന് ഓര്‍ത്ത് നോക്കൂ, മഞ്ഞുമ്മല്‍ ബോയ്‌സ് പോലൊരു ഗംഭീര സിനിമ ചെയ്ത സംവിധായകന് ഇന്‍ഡസ്ട്രിയില്‍ ഏത് ആര്‍ട്ടിസ്റ്റിനെ വെച്ചും പടം ചെയ്യാം. എന്നിട്ട് അവര്‍ ചെയ്തത് ഒരു പുതിയ പരിപാടി. ആ ചെറിയ പയ്യന്‍ എന്ത് കിടിലന്‍ പെര്‍ഫോമറാണ്. ഇതുപോലുള്ള ചെറിയ സിനിമകളാണ് നമ്മള്‍ എപ്പോഴും വിജയിപ്പിക്കുന്നത്,’ ജിസ് ജോയ് പറയുന്നു.
ഹോം, ജാന്‍ ഏ മന്‍, മധുരം തുടങ്ങിയ ചെറിയ സിനിമകള്‍ കൂടുതലായും ചെയ്യുന്നത് മലയാളത്തിലാണെന്നും അത്തരം സിനിമകളെല്ലാം വിജയിക്കുന്നത് മലയാളസിനിമയുടെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വാഴ 2 പോലൊരു ചെറിയ സിനിമ 200 കോടി നേടിയത് ചെറിയ കാര്യമല്ലെന്നും ജിസ് ജോയ് പറയുന്നു. ഇത്തരം ചെറിയ നല്ല സിനിമകളുടെ പറുദീസയാണ് മലയാള സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Jis Joy about Balan movie