ഒ.ടി.ടി ഭീമന്മാരായ ജിയോ ഹോട്‌സ്റ്റാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അടുത്ത വര്‍ഷം ജിയോ ഹോട്‌സ്റ്റാറിലൂടെ പുറത്തുവരാനുള്ള സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പരിചയപ്പെടുത്തുന്ന സൗത്ത് അണ്‍ബൗണ്ട് എന്ന ഗ്രാന്‍ഡ് ഇവന്റ് കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്നു. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ സന്നിഹിതരായിരുന്നു.
സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്‌സ്റ്റാര്‍ നടത്തുന്നത്. 4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ കണ്ടന്റുകള്‍ക്കായി നിക്ഷേപിച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇതോടൊപ്പം തങ്ങളുടെ അടുത്ത വര്‍ഷത്തെ പ്രൊജക്ടുകള്‍ ഏതൊക്കെയാണെന്നും ജിയോ ഹോട്‌സ്റ്റാര്‍ അറിയിച്ചു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്‌സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്‌സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
നിവിന്‍ പോളിയുടെ ഫാര്‍മ, റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസണ്‍ 2, മലയാളത്തിലെ ആദ്യത്തെ വെബ് സിരീസായ കേരള ക്രൈം ഫയല്‍സ് സീസണ്‍ 3, തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍.ബി.ഡബ്ല്യൂ, തുടങ്ങിയ സിരീസുകളുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിട്ടുണ്ട്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ മൂന്നാം സീസണും ഹോട്‌സ്റ്റാറിന്റെ ലൈനപ്പിലുണ്ട്.
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ കമല്‍ ഹാസന്‍, മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിജയ് സേതുപതി, നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി തുടങ്ങി വന്‍ താരനിര അണിനിരന്ന ചടങ്ങിലെ പല വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തെലുങ്ക് താരം നാഗാര്‍ജുനയും തമിഴ് താരം വിജയ് സേതുപതിയും ചേര്‍ന്ന് ആദരിച്ചതും ചടങ്ങിന്റെ മാറ്റ് കൂട്ടി. നേരിട്ട് അഭിനന്ദിക്കാനാകാത്തതിനാല്‍ ഇത്രയും വലിയ ചടങ്ങില്‍ വെച്ച് തന്റെ അഭിനന്ദനമറിയിക്കുകയാണെന്ന് നാഗാര്‍ജുന പറഞ്ഞു. ഇഷ്ടതാരത്തെ ആദരിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്ന് വിജയ് സേതുപതിയും കൂട്ടിച്ചേര്‍ത്തു.
Content Highlight: Jio Hotstar invests 4000 crores for promoting South Indian contents