| Saturday, 17th January 2026, 5:20 pm

പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടി.ടിയിലേക്ക്... എവിടെ കാണാം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തി ക്രിമസ്മസ് വിന്നറായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു.

ആഗോളതലത്തില്‍ 130 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ജിയോ ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന് ഒ.ടി.ടി പ്ലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി ആദ്യ വാരമോ, രണ്ടാം വാരമോ സിനിമ ഒ.ടി.ടിയില്‍ എത്തുമന്നൊണ് റിപ്പോര്‍ട്ട്. അതേസമയം മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റ് തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാകുമോ എന്ന് അറിയില്ല. സര്‍വം മായ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന പലരും സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നിരീശ്വര വാദിയായ നമ്പൂതിരി ഒരു പ്രേതത്തെ കാണാനിടയാകുന്ന കഥയാണ് സര്‍വ്വം മായ സംസാരിക്കുന്നത്. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങിയ ചിത്രത്തില്‍ റിയ ഷിബു, പ്രീതി മുകുന്ദന്‍, മധു വാര്യര്‍, ജനാര്‍ദ്ദനന്‍, അജുവര്‍ഗീസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയായിരുന്നു സര്‍വ്വം മായ.

സിനിമയില്‍ ഡെലൂലു എന്ന കഥാപാത്രമായെത്തിയ റിയ ഷിബു വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഫീല്‍ഗുഡ് പടത്തിലെ പ്രേതമായെത്തിയ റിയ തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിച്ചിരുന്നു. നിവിന്റേതായി വരാന്‍ പോകുന്ന ബേബി ഗേളും ഹിറ്റാകുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

Content highlight: Jio Hotstar acquires Sarvam Maya OTT rights

We use cookies to give you the best possible experience. Learn more