| Friday, 19th September 2025, 5:31 pm

ഒരാളുടെയും പേര് പറയാതെയുള്ള എന്റെ അഭിപ്രായപ്രകടനം മിനിമം മര്യാദയായി കണ്ടാല്‍ മതി; വിശദീകരണവുമായി ജിന്റോ ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണങ്ങളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍.

ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമര്‍ശിച്ചിട്ടില്ലാത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ്, സ്വയം തന്നെക്കുറിച്ചുള്ളതാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ സി.ഐ.ഡി മൂസയിലെ ജഗതി ശ്രീകുമാറിനെ പോലെയാണെന്ന് ജിന്റോ ജോണ്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജിന്റോയുടെ പ്രതികരണം.

‘ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിന്‍വലിക്കുകയുമില്ല.

ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമര്‍ശിച്ചിട്ടില്ലാത്ത ആ പോസ്റ്റ് തന്നെക്കുറിച്ചുള്ളതാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് സി.ഐ.ഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്പോള്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന ‘ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത്’ എന്നുള്ളത് പോലുള്ള തോന്നലാണ്,’ ജിന്റോ കുറിച്ചു.

തന്റെ പോസ്റ്റില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് പറഞ്ഞിട്ടില്ലല്ലോയെന്നും പിന്നെ ആരെക്കുറിച്ചാണ് ഇവരൊക്കെ വേവലാതിപ്പെടുന്നതെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു. ഈ വിഷയത്തില്‍ ഗൂഡാലോചന ആരോപിക്കുന്നവര്‍ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങള്‍ പുറത്തുവിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോ എന്നും ജിന്റോ ചോദിക്കുന്നുണ്ട്.

ഒരു വനിതാ നേതാവ് പറയുന്നത് ഇത് കോണ്‍ഗ്രസുകാരുടെ തിരക്കഥയില്‍ വിരിഞ്ഞ ബോംബ് ആണെന്നാണ്. എങ്കില്‍ ഏത് പ്രാദേശിക നേതാവാണ് അത്തരത്തില്‍ അവരോടത് പറഞ്ഞത്. അയാളെ വിളിച്ചന്വേഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമല്ലോയെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നുണ്ട്.

കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സ്ത്രീ-പുരുഷ നേതാക്കള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അശ്ലീലത്തിന്റെ അതിവൈകാരികതയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നപ്പോഴൊന്നും ഇപ്പോള്‍ വേദനിക്കുന്ന ഹൃദയങ്ങളെ നമ്മള്‍ കണ്ടില്ലെന്നും ജിന്റോ ജോണ്‍ പറഞ്ഞു.

തന്റെ വാക്കുകളുടെ ഉത്തരവാദിത്തവും ക്ലാരിറ്റിയും തനിക്കുള്ളടിത്തോളം കാലം ‘ആദര്‍ശ’ വിചാരണയും ‘മത്സരിക്കാന്‍ ഇടയുള്ള ആളെ’ന്നുള്ള ഭയപ്പെടുത്തല്‍ വേണ്ടെന്നും ജിന്റോ പറഞ്ഞു. ന്യൂസ് മലയാളം ചാനലിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ജിന്റോയുടെ വിമര്‍ശനം.

തന്റെ പങ്കാളിയുടേയും മക്കളുടെയും ഉള്‍പ്പെടെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള, ഉത്തരവാദിത്തപ്പെട്ടവരും യാതൊരുവിധ ഉത്തരവാദിത്തമില്ലാത്തവരുമായ സി.പി.ഐ.എം സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍ അറ്റാക്കില്‍ പേടിക്കുമെന്ന് കരുതേണ്ടെന്നും ജിന്റോ ജോണ്‍ പറയുന്നു.

സ്വന്തം വൃദ്ധ സഖാക്കന്മാരെ പൂട്ടിയിടേണ്ട ഗതികേടിലേക്ക് നിങ്ങളുടെ പാര്‍ട്ടി എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസല്ലെന്നും സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ട് ജിന്റോ ജോണ്‍ പറഞ്ഞു.

മറ്റൊരു എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആയിരുന്നെങ്കില്‍ അപ്പുറത്തുള്ള 99 പേരില്‍ മറ്റാരെയുമല്ലാതെ ഇയാള്‍ക്കെതിരെ മാത്രം എന്തുകൊണ്ട് ആരോപണം ഉയര്‍ന്നുവന്നു? ഭരണപക്ഷത്തുള്ള ഒരുപാട് വനിത നേതാക്കളോട് തികഞ്ഞ ബഹുമാനം നിലനിര്‍ത്തി കൊണ്ടുതന്നെ ചോദിക്കട്ടെ, എന്തുകൊണ്ട് ഇങ്ങനെ ഒരാളുടെ മാത്രം ഉയര്‍ന്നുവന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജിന്റോ കൂട്ടിച്ചേര്‍ത്തു.

സ്ത്രീപക്ഷ നിലപാടും പൊളിറ്റിക്കല്‍ മൊറാലിറ്റിയും പുരോഗമന ചിന്താഗതിയും എന്താണെന്ന് തനിക്കും ചില ബോധ്യങ്ങളുണ്ട്. ഒരു നേതാവിന്റേയും പേര് പറയാതെ തന്നെ ഇത്രയും പറഞ്ഞുവെക്കുന്നത് മിനിമം മര്യാദയായി കണ്ടാല്‍ മതിയെന്നും ജിന്റോ ജോണ്‍ പറഞ്ഞു.

Content Highlight: Jinto John clarifies on false propaganda against K.J. Shine

We use cookies to give you the best possible experience. Learn more