കൊച്ചി: ഇന്ന് എറണാകുളത്ത് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്മാറി. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്‌ലിം ലീഗും പരിപാടി ബഹിഷ്‌കരിക്കാന്‍ സുന്നി സംഘടന നേതാക്കളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം.
സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗവും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനാലാണ് ലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്തെ കലൂരിലാണ് പരിപാടി നടക്കുന്നത്. സുന്നി ഐക്യസമ്മേളനം നടക്കുമ്പോള്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതാണ് വിവാദത്തിന് കാരണമായത്.
ജംഇയ്യത്തുല്‍ ഉലമ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. കേരളത്തിലെ നാല് വ്യത്യസ് സുന്നി സംഘടനകളുടെ സംയുക്ത വേദിയാണ് ജംഇയ്യത്തുല്‍ ഉലമ. ഇ.കെ. സുന്നി വിഭാഗം, എ.പി. സുന്നി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്നിവയാണ് നാല് സംഘടനകള്‍.
അതേസമയം പാണക്കാട് സാദിഖലി തങ്ങളെ പങ്കെടുക്കാത്തതിനാല്‍ സമ്മേളനവുമായി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി വ്യക്തമാക്കിയിരുന്നു. പാണക്കാട് തങ്ങന്മാരില്ലാതെ ഒരു സുന്നി ഐക്യത്തിനും പ്രസക്തിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Jifri Thangal withdrew from the joint rally for the protection of waqf by Sunni organizations following the League’s opposition