| Tuesday, 15th September 2026, 1:01 pm

'സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നല്ല ഇസ്‌ലാം പറയുന്നത്'; കാന്തപുരത്തെ വേദിയിലിരുത്തി ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി അബൂബക്കറുടെ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

മലപ്പുറം പടിക്കല്‍ ജുമുഅ മസ്ജിദ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരവും വേദിയില്‍ സന്നിഹിതനായിരുന്നു.

‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം നമ്മള്‍ വീടിനുള്ളില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നല്ല പറയുന്നത്. അവര് വീടിന്റെ ഉള്ളില്‍ അടങ്ങി ഒതുങ്ങി ഇരിക്കുമ്പോള്‍ അവിടെ സ്വീകരിക്കേണ്ടതായ സ്വഭാവങ്ങള്‍ സ്വീകരിക്കണം. പുറത്ത് പോവുകയാണെങ്കില്‍ ജാഹിലിയ കാലത്തുണ്ടായ ആ സ്വഭാവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

അല്ലാതെ സ്ത്രീയെ പൂര്‍ണമായിട്ട് എല്ലാ രംഗത്തു നിന്നും ഇസ്‌ലാം തടഞ്ഞു എന്നല്ല പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സുരക്ഷിതത്വവും അവളുടെ മാന്യതയും അവളോട് ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പരിഗണിച്ചുകൊണ്ടാണ് വിശുദ്ധമായ ഇസ്‌ലാം നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ അവളുടെ സുരക്ഷിതത്തിനു വേണ്ടി ചില മേഖലയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയിട്ടുണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറയുന്നു.

‘പള്ളിയില്‍ ആണുങ്ങളേ ഉണ്ടാവാന്‍ പാടുള്ളൂ എന്ന് പറഞ്ഞാല്‍ പെണ്ണുങ്ങള്‍ വീട്ടില്‍ നിസ്‌കരിച്ചാല്‍ മതി എന്നാണ് അതിന്റെ അര്‍ത്ഥം. വീട്ടില്‍ നിസ്‌കരിച്ചാല്‍ അവര്‍ക്ക് ആണുങ്ങള്‍ പള്ളിയില്‍ നിസ്‌കരിക്കുന്ന കൂലി തന്നെ ലഭിക്കും എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രത്യേകമാകുന്ന ചില നിയമങ്ങള്‍ ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഒരു ഭാഗം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അവരുടെ പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെ ഉള്ളില്‍ തടഞ്ഞുവെക്കണം എന്നല്ല അത് ഉദ്ദേശിക്കുന്നതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മഹതികളാകുന്ന ബീവിമാര്‍ പല യുദ്ധങ്ങളിലും രോഗികളെ ചികിത്സിച്ചിരുന്നു. മുറിവേറ്റവര്‍ക്ക് മുറിവൊക്കെ വെച്ച് കെട്ടി എന്നൊക്കെ പറഞ്ഞില്ലേ. അപ്പോള്‍ സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നൊരു സന്ദേശം പറഞ്ഞുകൊണ്ട് വിശുദ്ധമാകുന്ന ഇസ്‌ലാമിനെ താറടിക്കാന്‍ ശ്രമിക്കുന്നതായ ചില ആളുകളുണ്ട്. അത് ശ്രദ്ധിച്ചുകൊള്ളണം എന്നാണ് പറയാനുള്ളത്.

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയിലും ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും കാന്തപുരം അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്,’ എന്നായിരുന്നു കാന്തപുരം ഒരു പ്രസ്താവനയില്‍ പറഞ്ഞത്.

ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കാന്തപുരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറയുകയും ചെയ്തു.

‘സ്ത്രീകളെ ഇങ്ങനെ രംഗത്തിറക്കിയാല്‍ അത് വലിയ നാശമാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, അവര്‍ രംഗത്തിറങ്ങാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് വലിയ സംഗതിയാണ്,’ എന്നായിരുന്നു കൊച്ചിയില്‍ സംസാരിക്കവെ കാന്തപുരം നടത്തിയ വിവാദ പരാമര്‍ശം.

സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് കാന്തപുരത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇസ്‌ലാം സ്ത്രീകള്‍ പുറത്തിറങ്ങുന്നതിനെ തടയുന്നില്ലെന്നും കാന്തപുരത്തെ വിമര്‍ശിച്ചവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Jifri Muthukkoya Thangal Shared Stage with Kanthapuram-  Comments on Remarks about Public Presence of Women

 
We use cookies to give you the best possible experience. Learn more