മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലിനും വിസ്മയ മോഹൻലാലിനുമൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ ജിബിൻ ഗോപിനാഥ്. പ്രണവിനെയും വിസ്മയയെയും അടുത്തറിയുമ്പോൾ ഇരുവരുടെയും സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങളൊന്നും തോന്നിയിട്ടില്ലെന്നും, പ്രണവിന്റെ മറ്റൊരു വേർഷനാണ് വിസ്മയയെന്നും നടൻ പറയുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യിൽ പ്രണവിനൊപ്പവും ജൂഡ് ആന്തണി ജോസഫിന്റെ ‘തുടക്കം’ എന്ന ചിത്രത്തിൽ വിസ്മയയ്ക്കൊപ്പം ജിബിൻ ഗോപിനാഥ്
അഭിനയിച്ചിട്ടുണ്ട്.
‘പ്രണവ് എങ്ങനെയാണോ, അതുപോലെ തന്നെയാണ് വിസ്മയയും. അതിന്റെ വേറൊരു വേർഷനാണ്. സ്വഭാവത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഭയങ്കര കൂളായി എല്ലാം കൈകാര്യം ചെയ്യുന്ന പാവം കുട്ടിയാണ് വിസ്മയ. രണ്ട് പേരിലും വലിയ പ്രത്യേകതകളൊന്നും എനിക്ക് തോന്നിയിട്ടില്ല. നമ്മൾ അവരെ ഒരു പ്രത്യേകതയുള്ള താരകുടുംബത്തിലെ അംഗങ്ങളായി കാണുമ്പോഴുള്ള ഒരു ബുദ്ധിമുട്ട് മാത്രമാണ് അവർക്കുള്ളത്. അവരോട് സംസാരിച്ചാൽ തന്നെ അത് മനസിലാകും. ആദ്യമായിട്ടാണ് ഇവർ അഭിനയിക്കുന്നതെന്ന് നമുക്ക് തോന്നുകയേയില്ല’, ജിബിൻ പറഞ്ഞു.
ജിബിൻ ഗോപിനാഥ്.തുടക്കം.Photo: IMDb
താരകുടുംബത്തിൽ ജനിച്ചുവളർന്നതിനാൽ സിനിമയെക്കുറിച്ച് ഇരുവർക്കും വ്യക്തമായ ധാരണയുണ്ടെന്നും ജിബിൻ പറയുന്നു. ഭാവിയിൽ അവർ എങ്ങനെയാകും മുന്നോട്ട് പോകുന്നതെന്ന് കണ്ടറിയേണ്ടതാണെങ്കിലും, തുടക്കക്കാർ എന്ന നിലയിൽ ‘തുടക്കം’ സിനിമയിൽ വിസ്മയ വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോയതെന്നും താരം കൂട്ടിച്ചേർത്തു.
സ്വയം കംഫർട്ടബിളായിരിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെയും കംഫർട്ടബിൾ ആക്കാൻ വിസ്മയയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും ജിബിൻ പറയുന്നു. അതൊരു വലിയ ക്വാളിറ്റിയാണെന്നും പ്രണവിനും വിസ്മയയ്ക്കുമിടയിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രണവിന് മലയാളം നന്നായി കൈകാര്യം ചെയ്യാൻ അറിയാം എന്നതാണ് താൻ ശ്രദ്ധിച്ച പ്രധാന വ്യത്യാസമെന്നും നടൻ കൂട്ടിച്ചേർത്തു.
‘സിനിമയുടെ തുടക്കത്തിൽ കണ്ട വിസ്മയയായിരുന്നില്ല ചിത്രത്തിന്റെ അവസാന ഘട്ടങ്ങളിലെത്തുമ്പോൾ ഉണ്ടായിരുന്നത്. ആദ്യ സെറ്റിൽ എത്തിയപ്പോൾ സ്വാഭാവികമായുള്ള ചില ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മറികടന്ന് കൂടുതൽ പ്രൊഫഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിസ്മയ പഠിച്ചുവെന്നും,’ ജിബിൻ ഗോപിനാഥ് പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ സിനിമയിൽ ബൈജു എന്ന ക്രൂരനായ പൊലീസ് കഥാപാത്രത്തെയാണ് ജിബിൻ ഗോപിനാഥ് അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യിൽ പ്രണവ് മോഹൻലാലിനൊപ്പവും ജിബിൻ അഭിനയിച്ചിരുന്നു. ഇതോടെ മോഹൻലാലിന്റെ മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പം അഭിനയിച്ച താരമെന്ന പ്രത്യേകതയും നടനുണ്ട്.
ജിബിൻ ഗോപിനാഥ്.Photo: Screengrab/ Youtube.com
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.
Content Highlight: Jibin Gopinath talks about his experience working with Pranav Mohanlal and Vismaya Mohanlal