| Thursday, 13th November 2025, 4:44 pm

കളങ്കാവലിലേക്ക് എന്നെ നിര്‍ദേശിച്ചത് മമ്മൂക്ക, ഒന്നിച്ചുള്ള സീനില്‍ അദ്ദേഹത്തിന്റെ പുരികം ചലിക്കുന്നത് കണ്ട് അന്തം വിട്ടുപോയി: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജിബിന്‍ ഗോപിനാഥ് ഡീയസ് ഈറേയിലൂടെ മുഴുനീള വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഡീയസ് ഈറേക്ക് ശേഷം താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കളങ്കാവലാണെന്ന് പറയുകയാണ് ജിബിന്‍ ഗോപിനാഥ്. ഡീയസ് ഈറേക്ക് മുന്നേ ഷൂട്ട് തീര്‍ന്ന ചിത്രമാണ് കളങ്കാവലെന്ന് ജിബിന്‍ പറയുന്നു.

കളങ്കാവലിന്റെ ഷൂട്ടിനിടയിലാണ് തന്നെ ഡീയസ് ഈറേയിലേക്ക് വിളിച്ചതെന്നും ഒന്നിന് പിന്നാലെ ഒന്ന് എന്ന് രീതിയില്‍ രണ്ട് വമ്പന്‍ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കമ്പനി നിര്‍മാണമേറ്റെടുത്ത ശേഷമാണ് തന്നെ ആ കഥാപാത്രത്തിലേക്ക് വിളിച്ചതെന്നും അതിന് കാരണക്കാരന്‍ മമ്മൂട്ടിയാണെന്നും ജിബിന്‍ പറയുന്നു.

കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരൊറ്റ സീനില്‍ മാത്രം ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. അത് കണ്ടിട്ട് പുള്ളി തന്നെയാണ് എന്നെ കളങ്കാവലിലേക്ക് വിളിച്ചത്. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം പോലെയായിരുന്നു. അതിനെക്കാള്‍ ത്രില്ലിങ്ങായി തോന്നിയത് 40 ദിവസത്തോളം എനിക്ക് മമ്മൂക്കയെ അടുത്ത് നിന്ന് കാണാന്‍ പറ്റി.

അദ്ദേഹത്തിന്റെ സെറ്റില്‍ കൂടെ നില്ക്കുക, സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ പറ്റുക എന്നതൊക്കെ ചിന്തിക്കാത്ത കാര്യമാണ്. കാരണം, നമ്മള്‍ സിനിമ കണ്ടു തുടങ്ങിയ കാലം തൊട്ട് കാണുന്ന വ്യക്തിയാണ്. വളരെ കാഷ്വലായി അദ്ദേഹത്തോട് സംസാരിക്കാന്‍ പറ്റുന്നത് ഭാഗ്യം കൂടിയായാണ് കണക്കാക്കുന്നത്. ഓരോ സിനിമയിലും പുതിയ സംഭവങ്ങള്‍ പുള്ളി ചെയ്യുന്നുണ്ട്.

അദ്ദേഹത്തെ ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആളല്ല. ഒന്നിച്ചുള്ള ഒരു സീനില്‍ ചെറിയ ചില കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട്. അതാ പുള്ളിയുടെ പുരികം ചെറിയൊരു രീതിയില്‍ മൂവ് ചെയ്യിക്കുന്നുണ്ട്. അതൊക്കെ നേരിട്ട് കണ്ടപ്പോഴുള്ള ഇംപാക്ട് ചെറുതല്ലായിരുന്നു. അതൊക്കെ പരിശീലിച്ച് നോക്കാന്‍ പോലും എനിക്ക് പേടിയാണ്’ ജിബിന്‍ ഗോപിനാഥ് പറഞ്ഞു.

നവാഗതനായ ജിതിന്‍ കെ. ജോസാണ് കളങ്കാവലിന്റെ സംവിധാനം. മമ്മൂട്ടി വില്ലനായെത്തുന്ന ചിത്രത്തില്‍ വിനായകനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തെ ഞെട്ടിച്ച സയനൈഡ് മോഹന്റെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവല്‍ ഒരുങ്ങുന്നത്. ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Jibin Gopinath shares the experience of Kalamkaaval movie

We use cookies to give you the best possible experience. Learn more