| Wednesday, 3rd December 2025, 5:38 pm

അന്ന് മമ്മൂക്കയെ നേരില്‍ക്കണ്ടപ്പോള്‍, മനഃപാഠമാക്കിയ ഡയലോഗൊക്കെ മറന്നു; ആകപ്പാടെ വെപ്രാളമായി: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആക്ഷാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയില്‍ ജിബിന്‍ ഗോപിനാഥും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ജിബിന്‍ മുമ്പും പല അഭിമുഖങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ചെയ്ത ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

‘അന്ന് മേക്കപ്പിട്ട് ഡയലോഗൊക്കെ മനഃപാഠമാക്കി ഇരിക്കുമ്പോഴാണ് മമ്മൂട്ടി വരുന്നത്. അദ്ദേഹത്തെ നേരില്‍ കണ്ടപ്പോഴേക്കും പഠിച്ചതൊക്കെ മറന്നു. ആകപ്പാടെ ഒരു വെപ്രാളം. സംവിധായകന്‍ ഹനീഫ് അദേനിയോട് ഞാന്‍ കാര്യം പറഞ്ഞു.

സഹതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന ആളാണ് മമ്മൂക്കയെന്ന് പറഞ്ഞ് ഹനീഫ് എന്നെ സമാധാനിപ്പിച്ചു. ആദ്യ ഷോട്ടില്‍ത്തന്നെ സെറ്റായി. പിന്നീട് മമ്മുക്കയുമായി സംസാരിക്കുന്നതിനിടെ പൊലീസിലാണെന്ന് പറഞ്ഞപ്പോള്‍ നന്നായി, നല്ല രീതിയില്‍ മുന്നോട്ട് പോകണം എന്നുപറഞ്ഞു,’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

പൊലീസുകാരന്‍ എന്ന രീതിയിലാണ് അദ്ദേഹം പിന്നീട് തന്നോട് പെരുമാറിയതെന്നും വണ്‍ സിനിമയില്‍ സീന്‍ കുറവായിരുന്നെങ്കിലും മമ്മുട്ടിയ്ക്കൊപ്പം ഒരു സിനിമ കൂടി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. എബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ സെറ്റില്‍പ്പോയി കണ്ട് പരിചയം പുതുക്കിയിരുന്നുവെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Jibin Gopinath shares his experience of meeting Mammootty for the first time on the sets of the movie Great Father

We use cookies to give you the best possible experience. Learn more