| Thursday, 4th September 2025, 10:46 am

വനിതാ ക്രിക്കറ്റിന് ഇതൊരു വലിയ ചുവടുവെപ്പാണ്; ഐ.സി.സിയുടെ നീക്കത്തെ പ്രശംസിച്ച് ജുലന്‍ ഗോസ്വാമി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ക്രിക്കറ്റിന് ഇതൊരു വലിയ ചുവടുവെപ്പാണ്; ഐ.സി.സിയുടെ നീക്കത്തെ പ്രശംസിച്ച് ജുലന്‍ ഗോസ്വാമി

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് 2025ലെ വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ പ്രൈസ് മണി നേരത്തെ ഐ.സി.സി പുറത്ത് വിട്ടിരുന്നു. 13.88 മില്യണ്‍ യു.എസ് ഡോളറാണ് വനിതാ ലോകകപ്പില്‍ ഇക്കുറി നല്‍കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഐ.സി.സി ഇത്രയും വലിയ പ്രൈസ് മണി അനൗണ്‍സ് ചെയ്യുന്നത്.

ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ വനിതാ ഇന്ത്യന്‍ താരം ജുലന്‍ ഗോസ്വാമി. ടൂര്‍ണമെന്റിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചത് മികച്ച നടപടിയാണെന്ന് ഗോസ്വാമി പറഞ്ഞു. മാത്രമല്ല ഈ മുന്നേറ്റം വനിതാ ക്രിക്കറ്റിന് ശക്തമായ കുതിപ്പ് നല്‍കുമെന്നും ഐ.സി.സിക്ക് വ്യക്തിപരമായി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മുന്‍ താരം പറഞ്ഞു. കൂടാതെ ക്രിക്കറ്റിനെ ഗൗരവമേറിയ ഒരു പ്രൊഫഷനായി കാണാന്‍ കഴിയുമെന്ന് ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുന്നും ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

‘സമ്മാനത്തുകയിലെ വര്‍ധനവ് സ്വാഗതാര്‍ഹമായ ഒരു നടപടിയായതിനാല്‍ എനിക്ക് സന്തോഷമുണ്ട്. ഐ.സി.സിക്ക് വ്യക്തിപരമായി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ആസൂത്രണം ചെയ്ത രീതി വനിതാ ക്രിക്കറ്റിന് ശക്തമായ ഒരു മുന്നേറ്റം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ക്രിക്കറ്റിനെ ഗൗരവമേറിയ ഒരു പ്രൊഫഷനായി കാണാന്‍ കഴിയുമെന്ന് ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. മൊത്തത്തില്‍, ഇത് വനിതാ ക്രിക്കറ്റിന് ഒരു വലിയ ചുവടുവയ്പ്പാണ്, തീര്‍ച്ചയായും എല്ലാ കളിക്കാര്‍ക്കും പ്രചോദനമാകും,’ ഐ.സി.സി റിവ്യൂ ഷോയില്‍ ജുലന്‍ ഗോസ്വാമി പറഞ്ഞു.

2022ല്‍ നടന്ന വനിതാ ലോകകപ്പില്‍ 3.5 മില്യണ്‍ ഡോളറായിരുന്നു ഐ.സി.സി പ്രൈസ് മണിയായി പ്രഖ്യാപിച്ചത്. ഈ തുകയുടെ ഏകദേശം നാലിരട്ടിയാണ് ഇപ്പോള്‍ ഐ.സി.സി വിജയിക്കുന്ന ടീമിന് നല്‍കാനിരിക്കുന്നത്. അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഈ തുക കഴിഞ്ഞ ഏകദിന പുരുഷ ലോകകപ്പിലെ പ്രൈസ് മണിയെക്കാള്‍ കൂടുതലാണ്. 10 മില്യണ്‍ ഡോളറാണ് ഐ.സി.സി പുരുഷ ലോകകപ്പിനായി നല്‍കുന്നത്.

സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ രണ്ട് ആതിഥേയ രാജ്യങ്ങളുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി. ഒക്ടോബര്‍ ഒന്നിന് ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.

2025 വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചാരിണി, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ.

Content Highlight: Jhulan Goswami Talking About Women World Cup Prize money

We use cookies to give you the best possible experience. Learn more