റാഞ്ചി: സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായ ആറാം ദിവസവും പ്രതിഷേധം ശക്തമാക്കുന്നു.
ഏപ്രില്‍ 19 ന് നടന്ന 14-ാമത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് പ്രിലിമിനറി ടെസ്റ്റ് റദ്ദാക്കണമെന്നാവശ്യത്തിലാണ് പ്രകടനക്കാര്‍.
മത്സര പരീക്ഷകളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജൂലൈ 25 നാണ് ജാര്‍ഖണ്ഡില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ജൂലൈ 29 മുതല്‍ റാഞ്ചിയിലെ ജയ്പാല്‍ സിംങ് മുണ്ട സ്റ്റേഡിയത്തില്‍ പ്രതിഷേധക്കാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തിവരുകയാണ്.
ആല്‍ബര്‍ട്ട് എക്ക ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കര്‍ സംസ്ഥാനത്തെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരെ ‘ജെ.പി.എസ്സില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുക’, ‘വിദ്യാര്‍ത്ഥി ഐക്യം നീണാള്‍ വാഴട്ടെ’, ‘ഹേമന്ത് സോറന് നാണക്കേട്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ രംഗത്തെത്തിയിട്ടുണ്ട്.
ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍
ജെ.പി.എസ് (ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍) പരീക്ഷയില്‍ നിരവധി തവണ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടുണ്ട്. ഇത്തവണ ഉദ്യോഗാര്‍ത്ഥികളുടെ ഒ.എം.ആര്‍ ഷീറ്റുകള്‍ ചോര്‍ന്നതായാണ് ആരോപിക്കുന്നത്. ജെ.എസ്.എ.സി-സി.ജി.എല്‍ തുടങ്ങി നിരവധി റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ ഉന്നയിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിലെത്തുന്നത്.
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും നടത്തിയ നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
‘പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്’ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. പരീക്ഷയിലെ ക്രമക്കേടുകളില്‍ നിലവില്‍ സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡ് പ്രതിഷേധക്കാര്‍ എന്താണ് ആവശ്യപ്പെടുന്നത്?
‘ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പരീക്ഷാ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് തങ്ങളുമായി ചര്‍ച്ച നടത്താനും ആവശ്യങ്ങള്‍ കേള്‍ക്കാനും കഴിഞ്ഞ ഏഴ് വര്‍ഷമായി ജെ.പി.എ.സ്സി നടത്തിയ എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകളിലും സി.ബി.ഐ അന്വേഷണം നടത്താണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതിഷേധത്തിനു പിന്നാലെ മത്സര പരീക്ഷകളിലെ ക്രമക്കേടുകളില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെക്കാന്‍ ജാര്‍ഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറി അമര്‍ കുമാര്‍ ബൗരി ആവശ്യപ്പെട്ടു.
Content Highlight: Jharkhand students protest alleged irregularities in state civil services exam, seek CBI probe