| Monday, 17th August 2026, 9:48 am

ജാർഖണ്ഡ് വിദ്യാർത്ഥി പ്രതിഷേധം: വീണ്ടും ചർച്ചക്കൊരുങ്ങി സർക്കാർ

കെ.എസ് ഷാബിന

റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. പ്രതിഷേധം നടക്കുന്ന ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ സബ് ഡിവിഷണൽ ഓഫീസറും (എ.ഡി.എമ്മും) വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്.

ഇന്നുച്ചയ്ക്ക് രണ്ട് മണിക്കാണ് ചർച്ച. ‘ജെപിഎസ്‌സി-ജെഎസ്‌എസ്‌സി (JPSC-JSSC) റിഫോംസ് മഞ്ച്’ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക.

സമരം 24-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നുവെന്നും എന്നാൽ ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ‘ജെപിഎസ്‌സി-ജെഎസ്‌എസ്‌സി റിഫോംസ് മഞ്ച്’ അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ നിയമോപദേശകർക്കും ചർച്ചയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ 23-ാം ദിവസമായ ഇന്നലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ കോലം കത്തിച്ചിരുന്നു. ജെ.എം.എം-കോൺഗ്രസ് സഖ്യം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു സമരം.

ജെഎസ്എസ്‌സി-സിജിഎൽ ( J.S.C-C.G .L) പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേടുകൾക്കെതിരെ സിബിഐ (C .B .I) അന്വേഷണം വേണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.

നേരത്തെ സർക്കാരും വിദ്യാർത്ഥികളും തമ്മിൽ ആറ് റൗണ്ട് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഓഗസ്റ്റ് ഒമ്പതിന് നടന്ന അവസാന ചർച്ചയിലും തീരുമാനമൊന്നും ആയിരുന്നില്ല. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

ഓഗസ്റ്റ് 20-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യസ്ഥിതിയും ഇന്നത്തെ ചർച്ചകളുടെ ഫലവും നോക്കിയായിരിക്കും.

ഏപ്രിൽ 19-ന് നടന്ന 14-ാമത് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മത്സരപരീക്ഷകളിലെ കെടുകാര്യസ്ഥതയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജൂലൈ 25-നാണ് ജാർഖണ്ഡിൽ ഈ സമരം ആരംഭിച്ചത്.

Content Highlight: Jharkhand Student Protests: Government Ready for Talks Again

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more